തിരുവനന്തപുരം: ടുണീഷ്യയിൽ കടലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ കപ്പൽജീവനക്കാരനായ ആറ്റിങ്ങൽ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മാമം പൂരം വീട്ടിൽ രവീന്ദ്രൻ-ഭാമ ദമ്പതിമാരുടെ മകൻ അർജുൻ രവീന്ദ്രനാ(27)ണ് മരിച്ചത്.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഇന്നലെ വീണ്ടും മൃതദേഹപരിശോധന നടത്തി. ഡി.എൻ.എ. പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച വൈകീട്ട് 4.45നാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ ഒട്ടേറെപ്പേരെത്തിയിരുന്നു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനിയിൽ ജോലി ലഭിച്ചതിനെത്തുടർന്ന് മാർച്ച് അഞ്ചിനാണ് അർജുൻ വീട്ടിൽനിന്നു പോയത്. മാർച്ച് 17-ന് മുംബൈയിൽനിന്നു തുർക്കിയിലേക്കുപോയി കപ്പലിൽ ജോലിക്കു കയറി. തുടർന്ന് ഇടയ്ക്കിടെ വീട്ടിലേയ്ക്ക് വിളിച്ചിരുന്നു. ഏപ്രിൽ 20നാണ് അർജുൻ അവസാനമായി വീട്ടിലേയ്ക്ക് വിളിച്ചത്. കപ്പൽ ടുണീഷ്യയിലെ തുറമുഖത്തിന്റെ പുറങ്കടലിലാണെന്നും തുറമുഖത്തിലേയ്ക്ക് പ്രവേശിക്കാനുള്ള അനുമതിക്കായി കാത്തുകിടക്കുകയാണെന്നുമായിരുന്നു പറഞ്ഞത്. പിന്നീട് അർജുനെ കപ്പലിൽനിന്നു കാണാതായെന്ന് ഏപ്രിൽ 27-ന് കമ്പനിയിൽ നിന്നുള്ള അറിയിപ്പാണ് വീട്ടുകാർക്ക് ലഭിച്ചത്.
Post Your Comments