ThiruvananthapuramLatest NewsKeralaNattuvarthaNews

‘എസ്.എഫ്.ഐക്കാരോട് കണക്കുചോദിക്കാൻ വയനാട്ടിലേക്കുവരുന്ന രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം’: എം.എ ബേബി

തിരുവനന്തപുരം: എസ്.എഫ്.ഐക്കാരോട് കണക്ക് ചോദിക്കാൻ മൂന്ന് ദിവസത്തേക്ക് വയനാട്ടിലേക്കു വരുന്ന രാഹുൽ ഗാന്ധിയോട് ഒരു ചോദ്യവുമായി സി.പി.എം നേതാവ് എം.എ. ബേബി രംഗത്ത്. തീസ്ത സെതല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് എന്താണ് ഒന്നും മിണ്ടാത്തതെന്ന്, രാഹുല്‍ ഗാന്ധിയോട് എം.എ. ബേബി ചോദിച്ചു. ഇഹ്സാൻ ജാഫ്രിയുടെ കേസിൽ നീതിക്കായി പോരാടിയ തീസ്തയെ, സംഘപരിവാറിനൊപ്പം ചേർന്നുനിന്ന് കോൺഗ്രസ് അപമാനിക്കുകയാണെന്ന് എം.എ. ബേബി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

എസ് എഫ് ഐ ക്കാരോട് കണക്കുചോദിക്കാൻ മുന്നുദിവസത്തേക്ക് വയനാട്ടിലേക്കുവരുന്ന കോൺഗ്രസിൻറെ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം. തീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്താണ്? അചഞ്ചലയായ മനുഷ്യാവകാശപ്പോരാളിയായ തീസ്ത സെതൽവാദിനെയും ഗുജറാത്തിലെ മുൻ എഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാർ ഐപിഎസിനെയും ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തകാര്യം താങ്കൾ അറിഞ്ഞുകാണുമല്ലോ. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയിൽ അഹമ്മദാബാദിലെ ഗുൽബർഗ ഹൗസിങ് സൊസൈറ്റിയിൽ തീവെച്ചു കൊല്ലപ്പെട്ടത് താങ്കളുടെ പാർടിയുടെ പാർലമെന്റ് അംഗം ആയിരുന്ന ഇഹ്സാൻ ജാഫ്രി അടക്കമുള്ള ആളുകളാണ്.

നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി: അവസാനം സത്യം ജയിക്കുമെന്ന് വിജയ് ബാബു

മുസ്ലിങ്ങളെ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുന്നതുകണ്ട് മുൻ എംപി ആയ ഇഹ്സാൻ ജാഫ്രിയുടെ വീട്ടിൽ അഭയം പ്രാപിച്ച 69 പേരെയാണ് തീവെച്ചും വെട്ടിയും കൊന്നത്. സഹായത്തിനു വേണ്ടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവരെ ഇഹ്സാൻ ജാഫ്രി വിളിച്ചു. ആരും സഹായിച്ചില്ല. ഭരണകൂടം അക്രമികളെ സഹായിച്ചു എന്ന് അന്ന് ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ ആർ നാരായണൻ നാനാവതി കമ്മീഷന് കത്തെഴുതി. ഇക്കാര്യത്തിൽ നീതിക്കായി താങ്കളുടെ പാർടി ഒന്നും ചെയ്തില്ല. യുപിഎ 2 സർക്കാരിന് ഇക്കാര്യത്തിൽ നിയമനടപടി എടുക്കാമായിരുന്നു. ചെയ്തില്ല. കോൺഗ്രസുകാരനായ ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി ഇക്കാര്യത്തിൽ സുപ്രീം കോടതി വരെ കേസ് നടത്തി.

ഈ കേസിലെ വിവാദപരമായ വിധി കാണിച്ച്, തീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും പ്രതിയാക്കി കേസ് എടുത്തു. തീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കോൺഗ്രസ് നേതാവായിരുന്ന ഇഹ്സാൻ ജാഫ്രിയുടെ കൊലയ്ക്ക് നീതി തേടി കോടതിയിൽ പോരാടിയവരെ അറസ്റ്റ് ചെയ്തപ്പോൾ അവരെ അപമാനിച്ചു കൊണ്ട്, താങ്കളുടെ പാർടിയുടെ വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞത് ഇങ്ങനെയാണ്, “ടീസ്റ്റ സെതല്‍വാദിന്‍റെ അറസ്റ്റിനെക്കുറിച്ച് അറിയുകയുണ്ടായി. 2002ന് തൊട്ടുപിന്നാലെയുള്ള വര്‍ഷങ്ങളില്‍ നടന്ന വ്യാജരേഖ ചമയ്ക്കല്‍, കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ് ഉണ്ടായതെന്ന് മനസ്സിലാക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കേസിന്‍റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കോണ്‍ഗ്രസിനു സാധിക്കില്ല.”

കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയിൽ നിയമനം

ഇഹ്സാൻ ജാഫ്രിയുടെ കേസിൽ നീതിക്കായി പോരാടിയ തീസ്തയെ സംഘപരിവാറിനൊപ്പം ചേർന്നുനിന്ന് അപമാനിക്കുകയാണ് കോൺഗ്രസ്. താങ്കളാണെങ്കിൽ ഇക്കാര്യത്തിൽ മിണ്ടുകയില്ല എന്ന വാശിയിലും. കോൺഗ്രസ് പാർലമെന്റ് അംഗം ആയിരുന്ന ആളാണെങ്കിലും മുസ്ലിം ആയതിനാൽ ഇഹ്സാൻ ജാഫ്രിയുടെ ജീവന് നീതി ചോദിക്കില്ല എന്നുവാശിയുള്ള താങ്കളുടെ ഹിന്ദുത്വ പ്രീണനം കഴിഞ്ഞ് എന്ത് മതേതരത്വത്തെക്കുറിച്ചാണ് താങ്കൾ സംസാരിക്കുന്നത്? ആർഎസ്എസിൻറെയും മോദിയുടെയും ഹിന്ദു രാഷ്ട്രത്തിനുപകരം ഹിന്ദു രാജ്യം വരണം എന്നാണല്ലോ താങ്കളുടെ ആഗ്രഹം!
അപ്പോൾ ഈ കാലത്ത് എസ്എഫ്ഐക്കാരോട് കണക്ക് ചോദിക്കുക മുൻഗണനയിൽ വരിക സ്വാഭാവികം!

shortlink

Related Articles

Post Your Comments

Related Articles


Back to top button