തിരുവനന്തപുരം : വ്യാജ വാർത്ത നൽകിയ മലയാള മനോരമയ്ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. താൻ പറയാത്ത കാര്യങ്ങൾ വാർത്തയാക്കി നൽകിയെന്നാണ് വീണ സോഷ്യൽ മീഡിയയിലൂടെ ആരോപിക്കുന്നത്.
നുണപ്രചരണം ആണ് മാധ്യമ പ്രവർത്തനം എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ടെന്നും പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതാണ് ഇവരുടെ വിനോദമെന്നും മന്ത്രി പറയുന്നു.
‘നുണപ്രചരണം ആണ് മാധ്യമ പ്രവർത്തനം എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ട്. നിരന്തരം നുണകൾ കൊടുത്ത് അവ സ്ഥാപിക്കുന്നതിൽ അവർ വിദഗ്ധരുമാണ്. പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതാണ് ഇവരുടെ വിനോദം. ഇന്ന് മലയാള മനോരമ ആ ദൗത്യം ഏറ്റെടുത്തു. ആരോഗ്യ മന്ത്രി ‘മാറ്റിപ്പറഞ്ഞു ‘ എന്നാണ് മലയാള മനോരമയുടെ ഒന്നാം പേജിലെ ബോക്സ് ന്യൂസ്. ഞാൻ രാവിലെ പറയാത്ത കാര്യങ്ങൾ ‘quote’ ആയി കൊടുത്തിട്ടുമുണ്ട്. വിശ്വാസ്യതയുടെ പുതിയ മാധ്യമ നിർവചനങ്ങൾ!’- വീണ കുറിക്കുന്നു.
https://www.facebook.com/veenageorgeofficial/videos/586482636221305/
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണ കേസിൽ പ്രതിയായ എസ്എഫ്ഐ വയനാട് ജില്ലാ മുൻ വൈസ് പ്രസിഡന്റ് കെ.ആർ.അവിഷിത്തിനെ മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫിൽനിന്ന് പുറത്താക്കിയ വാർത്തയ്ക്കെതിരെയാണ് മന്ത്രിയുടെ വിമർശനം. മന്ത്രിയുടെ സ്റ്റാഫംഗമാണ് ആക്രമണത്തിനു നേതൃത്വം നൽകിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് അവിഷിത്തിനെ മുൻകാല പ്രാബല്യത്തോടെ ഈമാസം 15 മുതൽ ഒഴിവാക്കിയെന്നു പൊതുഭരണവകുപ്പ് ഇന്നലെ വൈകിട്ടോടെ ഉത്തരവിറക്കിയത്.
അവിഷിത് 10 ദിവസമായി ജോലിക്കു ഹാജരാകാത്തതിനാൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫിസിൽനിന്ന് പൊതുഭരണ സെക്രട്ടറിക്ക് 23നു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്.
Post Your Comments