ആലപ്പുഴ: പോലീസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ ഒരാള്‍ അറസ്റ്റില്‍. സി.പി.ഒ റെനീസിൻ്റെ സുഹൃത്ത് ഷഹാനയാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിൽ ഷഹാനയെ പ്രതി ചേർത്തത്. ഇതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ്.
ആലപ്പുഴ പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണത്തിൽ സി.പി.ഒ റെനീസിനെതിരെ പുതിയ കേസ് എടുക്കാൻ തീരുമാനമായിരുന്നു. വട്ടിപ്പലിശക്ക് വായ്പ്പ കൊടുക്കുന്നതിനായാണ് കൂടുതൽ സ്ത്രീധനം ചോദിച്ച് റെനീസ് നജ്‌ലയെ പീഡിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ കേസെടുക്കാൻ തീരുമാനിച്ചത്.
നിർണായകമായ വിവരങ്ങളാണ് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം കണ്ടെത്തിയത്. നിരവധി പേർക്ക് റെനീസ് വട്ടി പലിശയ്ക്ക് പണം നൽകിയിരുന്നു. ഇതിനായി കൂടുതൽ തുക ആവശ്യമായ ഘട്ടത്തിലാണ് റെനീസ് സ്ത്രീധനത്തിന്റെ പേരിൽ നജ്‌ലയെ പീഡിപ്പിക്കാൻ തുടങ്ങിയത്. പ്രതിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകൾ അടങ്ങിയ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെനീസിനെതിരെ പലിശയ്ക്ക് പണം നൽകിയതിന് കേസ് എടുക്കാൻ തീരുമാനിച്ചത്.
ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാട്ടേഴ്സിലാണ് റെനീസും കുടുംബവും താമസിച്ചിരുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റില്‍ ജോലിയുള്ള റെനീസ് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments