പാരീസ്: പൊതു നീന്തൽ കുളങ്ങളിൽ സ്ത്രീകൾക്ക് ബുർക്കിനി ധരിക്കാനാകില്ലെന്ന് ഫ്രാൻസിലെ ഹൈക്കോടതി. നീന്തൽ കുളങ്ങളിൽ ബുർക്കിനി വിലക്കിയ കീഴ്‌ക്കോടതി തീരുമാനത്തെ ഹൈക്കോടതി ശരിവെച്ചു. രാജ്യത്തെ ഗ്രെനൊബിൾ സിറ്റി കൗൺസിലിലെ നീന്തൽ കുള ചട്ടങ്ങൾ സംബന്ധിച്ച തീരുമാനമാണ് കോടതി ശരിവെച്ചത്. പൊതുകുളങ്ങളിൽ ശരീരം മറയ്ക്കുന്ന ബുർക്കിനി ധരിക്കാൻ അനുവദിക്കണമെന്ന ഒരു വിഭാഗം മുസ്ലിം സ്ത്രീകളുടെ ആവശ്യമാണ് കോടതി തള്ളിയത്.
നേരത്തെ മുസ്ലിം സ്ത്രീകളുടെ ആവശ്യം പരിഗണിച്ച് പൊതുകുളങ്ങളിൽ ബുർക്കിനി ധരിക്കാൻ നഗര കൗൺസിൽ അനുമതി നൽകിയിരുന്നു. എന്നാൽ പ്രാദേശിക കോടതി ഈ ഇളവ് പിൻവലിച്ചു. ഈ ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. നടപടി ഗ്രെനോബിൾ നഗരസഭയുടെ അവകാശ വാദത്തിന് വിരുദ്ധവും മതപരമായ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ഇത് നീന്തൽ കുളങ്ങളിലെ ശുചിത്വത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹിജാബ് ഉൾപ്പെടെയുള്ള മുസ്ലിം വസ്ത്രങ്ങൾക്ക് ഫ്രാൻസിന്റെ പൊതുസമൂഹത്തിൽ പൊതുവെ സ്വീകാര്യതയില്ല. മുഖം മുഴുവൻ മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഹിജാബ് സ്വാതന്ത്ര്യം മതം മാത്രം മനസ്സിലുള്ളവർ കെട്ടിച്ചമച്ച വസ്ത്ര സ്വാതന്ത്ര്യമെന്ന പേരിൽ വലിയ ക്യാമ്പയിനുകൾ വരെ രാജ്യത്ത് നടക്കുന്നുണ്ട്. മതേതരത്വത്തിന്റെയും മുഴുവൻ രാജ്യത്തിന്റെയും വിജയമാണ് കോടതി വിധിയെന്ന് ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെറാൾഡ് ദർമനിൻ പറഞ്ഞു.
ഫ്രാൻസിന്റെ ഭരണഘടനാ ചട്ടങ്ങളിൽ മതപരമായ നിഷ്പക്ഷത പാലിക്കപ്പെടേണ്ടതുണ്ടെന്ന് പ്രത്യേകം പറയുന്നുണ്ട്. ഈ ചട്ടങ്ങൾ കഴിഞ്ഞ വർഷം സർക്കാർ അവതരിപ്പിച്ച സെപ്പറേറ്റിസം ലോയിലൂടെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഹിജാബ് വിഷയത്തിൽ രാജ്യത്തെ ഭരണ, പ്രതിപക്ഷ പാർട്ടികൾക്കും ഏറെക്കുറെ സമാന അഭിപ്രായമാണ്. അടുത്തിടെ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഹിജാബ് ഉൾപ്പെടെയുള്ള എല്ലാ മതചിഹ്നങ്ങളും ധരിക്കുന്നത് നിരോധിക്കുന്ന പ്രമേയവും ഫ്രഞ്ച് സെനറ്റിൽ വന്നു.
Post Your Comments