കോഴിക്കോട്: ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ അതിന്റെ മറു വശമെന്താണെന്ന് കൂടി കൊടുക്കേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താന്‍ മാധ്യമപ്രവര്‍ത്തകയായ ഘട്ടത്തില്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വീണാ ജോര്‍ജ് . നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തനിക്കെതിരെ വളരെ നിശിതമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയ മാധ്യമങ്ങള്‍ ഉണ്ടെന്നും എന്തുകൊണ്ടാണ് നിങ്ങളുടെ മാധ്യമം ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നതെന്ന് അവരോട് ചോദിച്ചപ്പോള്‍ തങ്ങളുടെ നയം ഇങ്ങനെയാണെന്നാണ് അവര്‍ നല്കിയ ഉത്തരമെന്നും മന്ത്രി ഒരു ചാനൽ അഭിമുഖത്തില്‍ പറഞ്ഞു.
‘ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ അതിന്റെ മറു വശമെന്താണെന്ന് കൂടി കൊടുക്കേണ്ടതുണ്ട്. ഞാന്‍ ഒരു ജേര്‍ണലിസ്റ്റായിരുന്ന ഘട്ടത്തില്‍ ഞങ്ങള്‍ എല്ലാവരും അത് ശ്രദ്ധിച്ചിരുന്നു. ഇന്ന് അത് ഇല്ല. ഒരു തെളിവുമില്ലാത്ത കാര്യങ്ങള്‍ ആര് ആര്‍ക്കെതിരെ പറഞ്ഞാലും അത് മാത്രമായി കൊടുത്ത് ആ ആരോപണങ്ങളെ അന്തരീക്ഷത്തില്‍ നിലനിര്‍ത്തികൊണ്ട് പൊതു അന്തരീക്ഷം തന്നെ മാറ്റുന്ന ഒരു സാഹചര്യം ഇന്നത്തെ മാധ്യമങ്ങള്‍ക്ക് ഉണ്ട്. ആരോപണങ്ങളുടെ വിശ്വാസ്യത കൂടി പരിശോധിക്കണം എന്നാണ് എന്റെ പക്ഷം’- വീണ ജോർജ് വ്യക്തമാക്കി.
‘മാധ്യമങ്ങളുടെ ചര്‍ച്ചകളും എല്ലാ ഇടപെടലുകളും ഞാന്‍ ശ്രദ്ധയോടെ വീക്ഷിക്കും. പക്ഷേ എന്റെ ഒരു അനുഭവം കൂടി പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 2016ല്‍ ഞാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ എനിക്കെതിരെ വളരെ നിശിതമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയ മാധ്യമങ്ങള്‍ ഉണ്ട്. ഒന്ന് രണ്ട് മാധ്യമങ്ങള്‍ മാത്രമെ ഉള്ളൂ. എത്രയോ തവണ നിങ്ങളുടെ സ്ഥാപനത്തില്‍ തന്നെ എന്നെ ജോലിക്ക് ക്ഷണിച്ചിട്ടുണ്ട്. അപ്പോള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ മാധ്യമം ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. എന്ത് ചെയ്യാനാണ് വീണ ഞങ്ങള്‍ നിസഹായരാണ്, ഞങ്ങളുടെ നയം ഇങ്ങനെയാണെന്ന് അവര്‍ പറയുകയുണ്ടായി. ഞാനീ മാധ്യമ ഫ്രട്ടേര്ണിറ്റിയില് ഉള്ള ആളാണ് എന്ന പരിഗണന പോലും എനിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ പറയേണ്ടതായി വരും’- മന്ത്രി പറഞ്ഞു.
Post Your Comments