
തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം വെച്ചയാൾ പിടിയിൽ. ആർ ഡി ഒ ഓഫീസിൽ നിന്ന് റിട്ടയർ ചെയ്ത മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരാണ് അറസ്റ്റിലായത്. പൂവാർ ഉച്ചക്കടയിലെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അറസ്റ്റ്, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
മുക്കുപണ്ടം അടക്കം പകരം വച്ച് ഓഡിറ്റ് വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും പരിശോധിക്കും. ശ്രീകണ്ഠൻ നായരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥർക്കും തട്ടിപ്പ് കണ്ടെത്താനാകാത്തതിൽ വീഴ്ച വന്നിട്ടുണ്ട്. കേരളത്തിൽ സമാനമായി മറ്റ് കളക്ടറേറ്റിലും തട്ടിപ്പ് നടത്തിയോ എന്നും പരിശോധിക്കും. പേരൂർക്കട സിഐ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കളക്ടറേറ്റിൽ എത്തിച്ച് തെളിവെടുക്കും. അതിന് ശേഷം റിമാൻഡ് ചെയ്യും.
Post Your Comments