കൊച്ചി: കുവൈറ്റിലേയ്ക്ക് യുവതികളെ കടത്തിയ കേസിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് എന്‍ഐഎ. പൊലീസിനു മുന്നില്‍ കീഴടങ്ങിയ പത്തനംതിട്ട സ്വദേശി അജുമോന്റെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
Read Also: റൂട്ട് കനാൽ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ്: മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ നടി സ്വാതി
മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദാണെന്ന് അജുമോന്റെ കുറ്റസമ്മത മൊഴിയിലുണ്ട്. എന്‍ഐഎയും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശത്തേയ്ക്ക് കടത്തിയ യുവതികളെ സിറിയയില്‍ എത്തിച്ചതായുള്ള പരാതിക്കാരിയുടെ ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ലെന്നും മജീദിനാണ് ഇത്തരം കാര്യങ്ങള്‍ അറിയാവുന്നതെന്നും അജുവിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്. മജീദിന്റെ നിര്‍ദ്ദേശപ്രകാരം പ്രാദേശികമായി പരസ്യം ചെയ്തു ജോലി സന്നദ്ധതയുള്ളവരെ കണ്ടെത്തുക മാത്രമാണു താന്‍ ചെയ്തിരുന്നത് എന്നാണ് അജുമോന്റെ മൊഴി. മജീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി.
തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ, മനുഷ്യക്കടത്ത് കുറ്റത്തിന്റെ വകുപ്പുകൂടി ചേര്‍ത്തതോടെ കൂടുതല്‍ യുവതികളിലേക്ക് അന്വേഷണം നീളുന്നു. കൊച്ചി സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് പുതിയ വകുപ്പ് ചേര്‍ത്തത്. ഈ യുവതിയുടെ പരാതിയില്‍ കൊല്ലം, തൃക്കാക്കര എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടു യുവതികള്‍ സമാന തട്ടിപ്പ് നേരിട്ടതായി പറഞ്ഞിരുന്നു. ഇതെല്ലാം പൊലീസ് പരിശോധിക്കും.
പുതിയ വകുപ്പ് ചേര്‍ത്തതോടെ കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കാന്‍ സാധ്യത കൂടി.
റിമാന്‍ഡിലായ അജുമോനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അടുത്ത ദിവസം പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചേക്കും. ഇപ്പോള്‍ വിദേശത്തുള്ള മുഖ്യ പ്രതി മജീദിനെ കണ്ടെത്തുന്നതിലും അജുമോന്‍ നല്‍കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും.
Post Your Comments