ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നതിനിടെ പദ്ധതിയെ അനുകൂലിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. സേവനം കഴിഞ്ഞിറങ്ങുന്ന അഗ്നിവീറുകൾക്ക് ജോലി നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അഗ്നിവീറുകൾക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന് ആനന്ദ് ട്വീറ്റ് ചെയ്തു. അഗ്നിപഥ് പ്രതിഷേധങ്ങൾക്കിടെയുണ്ടായ ആക്രമണങ്ങളിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് രാജ്യത്തെ പ്രധാന വ്യവസായികളിലൊരാളായ ആനന്ദ് മഹീന്ദ്ര അനുകൂലിച്ച് രംഗത്തെത്തുന്നത്. കോർപ്പറേറ്റ് രംഗത്ത് അഗ്നിവീറുകൾക്കു വലിയ തൊഴിലവസരമാണ് തുറന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിവീറുകളുടെ നേതൃത്വം, ടീം വർക്ക്, ശാരീരിക പരിശീലനം എന്നിവ വ്യവസായത്തിന് അനുയോജ്യമായ പ്രഫഷനൽ പരിഹാരങ്ങൾക്ക് ഉപയോഗിക്കാം.
ഓപ്പറേഷൻസ്, അഡ്മിനിസ്ട്രേഷൻ തുടങ്ങി ചെയിൻ മാനേജ്മെന്റ് സപ്ലൈ വരെയുള്ള കാര്യങ്ങളിൽ അഗ്നിവീറുകളെ ഉപയോഗിക്കാമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. അഗ്നിവീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കുമെന്ന് പദ്ധതി ആവിഷ്‌കരിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും അക്കാര്യം ആവർത്തിക്കുന്നു. പരിശീലനം സിദ്ധിച്ച കഴിവുള്ള അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു. ഇപ്പോൾ പ്രതിഷേധങ്ങൾക്കിടെ നടക്കുന്ന അക്രമണങ്ങളിൽ സങ്കടമുണ്ട്– ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
Post Your Comments