കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 300ഓളം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയതായി കണ്ടെത്തി. നിർമാണാനുമതി നൽകുന്ന സോഫ്റ്റ് വെയർ പാസ് വേഡ് ചോർത്തിയാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്. മൂന്ന് ഘട്ടങ്ങളില്‍ പരിശോധന നടത്തി മാത്രമേ കെട്ടിട നമ്പര്‍ നല്‍കാന്‍ കഴിയൂ. അതിനാല്‍ തന്നെ, നടന്ന ക്രമക്കേടിന് പിന്നില്‍ വിലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന.
നഗരസഭ പൊളിക്കാൻ നിർദ്ദേശം നൽകിയ കെട്ടിടത്തിന് നമ്പരിട്ട് നികുതി സ്വീകരിച്ച സംഭവത്തിന് തൊട്ടുപുറകേയാണ് കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നത്. ആറുമാസത്തിനിടെ ചെറുവണ്ണൂർ സോണൽ ഓഫീസിൽ 260, കോർപ്പറേഷൻ ഓഫീസിൽ 30, ബേപ്പൂർ സോണൽ ഓഫീസിൽ നാല് എന്നിങ്ങനെ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിച്ചിട്ടുണ്ട്.
സഞ്ജയ് സോഫ്റ്റ് വെയറിന്‍റെ പാസ് വേഡ് ചോർത്തിയാണ് ക്രമക്കേട് നടന്നതെന്ന് കോർപ്പറേഷൻ കണ്ടെത്തി.
ഒരു ഉദ്യോഗസ്ഥന്റെ മാത്രം യൂസർ നെയിമോ പാസ് വേഡോ ചോർത്തുക വഴി ക്രമക്കേട് കാണിക്കാനാവില്ല. കഴിഞ്ഞ ദിവസം കണ്ടെത്തിയ ക്രമക്കേടിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണത്തിന് മാത്രമാണ് കോർപ്പറേഷൻ ഉത്തരവിട്ടിരിക്കുന്നത്. ക്രമവത്കരിച്ച കെട്ടിടങ്ങൾക്ക് ഡിജിറ്റൽ സിഗ്നേചർ ഇട്ടത് ചെറുവണ്ണൂർ സോണൽ ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ നാല് കെട്ടിടങ്ങളിൽ മാത്രമാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നതെന്നും കെട്ടിട ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് ഉടൻ മൊഴിയെടുക്കുമെന്നുമാണ് കോർപ്പറേഷൻ ഇപ്പോഴും വിശദീകരിക്കുന്നത്.
Post Your Comments