കോഴിക്കോട്: ലോകകേരള സഭയിൽ യു.ഡി.എഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകൾ പങ്കെടുക്കുന്നുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലോകകേരള സഭയിൽ യു.ഡി.എഫ് നേതാക്കൾ മാത്രമാണ് പങ്കെടുക്കാത്തതെന്നും യു.ഡി.എഫ് പ്രവാസികളെ മാനിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവരുടെ കാര്യത്തിൽ വേർതിരിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ലോകകേരള സഭയിൽ പങ്കെടുക്കേണ്ടെന്നത് യു.ഡി.എഫിന്റെ വിശാലമായ തീരുമാനമാണ്. രാഷ്ട്രീയം നോക്കാതെ പ്രവാസികളെല്ലാവരും ലോകകേരള സഭയിൽ പങ്കെടുത്തോട്ടെ എന്ന നിലപാടാണ് മുസ്‌ലിം ലീഗിനുള്ളത്. ഈ വിഷയത്തിൽ രാഷ്ട്രീയം കൂട്ടിക്കലർത്തേണ്ട കാര്യമില്ല’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, സ്വപ്‌ന സുരേഷ് വിവാദ മൊഴിയിലും അദ്ദേഹം പ്രതികരിച്ചു. സ്വപ്‌ന സുരേഷിന്റെ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്താനുണ്ടെന്നും അതിനാൽ തന്നെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് പ്രവർത്തകർ മർദനമേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ലോകകേരള സഭയിൽ പോയി ഇരിക്കാൻ മാത്രം വിശാലമനസ്സ് യു.ഡി.എഫിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments