മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസും ഡിആർഐയും ചേർന്നാണ് പിടികൂടിയത്.
കാസർഗോഡ് ചെങ്കള സ്വദേശി ഹസീബ് അബ്ദുള്ള ഹനീഫിൽ നിന്നാണ് 899 ഗ്രാം സ്വർണം പിടിച്ചത്. അബുദാബിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഇയാൾ. ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന്, യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
Read Also : സിപിഐ നേതാവ് വെടിയേറ്റ് മരിച്ച സംഭവം : പ്രതി പൊലീസിൽ കീഴടങ്ങി
പേസ്റ്റ് രൂപത്തിലായിരുന്നു സ്വർണം. ഇത് നാലു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സ്വർണം പിടികൂടുമ്പോൾ 1000 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 899 ഗ്രാമാണ് ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
കസ്റ്റംസ് അസി. കമ്മീഷണർ ടി.പി.മുഹമ്മദ് ഫയീസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.മുരളി, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, ജുബർ ഖാൻ, ഹവിൽദാർ ശശീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Post Your Comments