കൊച്ചി: ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിൽ എടുത്ത് കേരള പോലീസ്. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷം, മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ക്രൈം നന്ദകുമാർ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെ മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനായിരുന്നു അന്ന് കേസെടുത്തത്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് നന്ദകുമാറിന്റെ പേര് അടുത്തിടെ ഉയർന്നുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ സ്വപ്ന, പി.സി ജോർജ് എന്നിവർ നടത്തിയ ഗൂഢാലോചനയിൽ നന്ദകുമാറിനും പങ്കുണ്ടെന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. സരിത എസ് നായർ ആയിരുന്നു സ്വപ്ന-പി.സി-നന്ദകുമാർ എന്നീ മൂവർ സംഘം മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചത്. എന്നാൽ, സരിതയുടെ ആരോപണങ്ങൾ നിഷേധിച്ച് നന്ദകുമാർ രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷിന്റെ സമീപകാല ആരോപണങ്ങൾക്ക് പിന്നിൽ പി.സി. ജോർജും ക്രൈം മാസികയുടെ എഡിറ്റർ നന്ദകുമാറുമാണെന്നായിരുന്നു സോളാർ തട്ടിപ്പ് കേസ് പ്രതി സരിത പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ ബോധിപ്പിച്ചത്.
സരിത കള്ളം പറയുകയാണെന്നും സ്വപ്നയും ജോർജും താനും ഒരുമിച്ചു കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഞങ്ങളുടെ പ്രസിദ്ധീകരണം സ്വപ്‌നയും ജോർജുമായി ഒരു സംയുക്ത അഭിമുഖം ആസൂത്രണം ചെയ്യുകയായിരുന്നു. എന്നാൽ, അത് നടന്നില്ല’ എന്നായിരുന്നു നന്ദകുമാർ പറഞ്ഞത്.
Post Your Comments