ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന ‘അഗ്നിപഥ് റിക്രൂട്ട്മെന്റിന്’ അനുമതി നൽകിയ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ സംയമനം പരീക്ഷിക്കരുതെന്നും, രാജ്യത്തിന് വേണ്ടത് എന്തെന്ന് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. സുഹൃത്തുക്കളെ മാത്രമാണ് മോദി കേൾക്കുന്നതെന്നും രാഹുൽ പരിഹസിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിരോധ ഉദ്യോഗാർത്ഥികൾക്ക് രാഹുൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ ജോലി നൽകുന്നില്ലെന്നും സായുധ സേനയെ ബഹുമാനിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
‘രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടെ ശബ്ദം കേൾക്കൂ, അവരെ ‘അഗ്നിപഥിൽ’ ഓടിച്ചുകൊണ്ട് അവരുടെ സംയമനം പരീക്ഷിക്കരുത്’, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
न कोई रैंक, न कोई पेंशन
न 2 साल से कोई direct भर्ती
न 4 साल के बाद स्थिर भविष्य
न सरकार का सेना के प्रति सम्मान
देश के बेरोज़गार युवाओं की आवाज़ सुनिए, इन्हे ‘अग्निपथ’ पर चला कर इनके संयम की ‘अग्निपरीक्षा’ मत लीजिए, प्रधानमंत्री जी।
— Rahul Gandhi (@RahulGandhi) June 16, 2022
അതേസമയം, ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ യുവാക്കൾ പ്രതിരോധ സേവനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. പ്രതിഷേധം കലാപത്തിന്റെ രൂപത്തിലേക്ക് പെട്ടന്നാണ് മാറിയത്. പ്രതിഷേധക്കാർ നിരവധി ട്രെയിനുകൾക്ക് തീയിട്ടു.
നാല് വർഷത്തെ ഹ്രസ്വകാല കരാറിൽ കരസേന, നാവികസേന, വ്യോമസേന എന്നിവയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതാണ് അഗ്നിപഥ് പദ്ധതി. പദ്ധതി പ്രകാരം, ഹ്രസ്വകാലാടിസ്ഥാനത്തില്‍ പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമസേനകളിലേക്ക് നിയമിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇതിന് അനുമതി നൽകിയത്.
Post Your Comments