Latest NewsIndiaNews

‘നേപ്പാളി ഒരു ഇന്ത്യൻ ഭാഷയല്ല’: പുതിയ വിവാദത്തിന് തുടക്കമിട്ട് ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ്

പുതിയ ഭാഷാ വിവാദത്തിന് തുടക്കമിട്ട് എൻജിഒ ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ്. നേപ്പാളിയെ ഔദ്യോഗിക ഇന്ത്യൻ ഭാഷയായി അംഗീകരിക്കാൻ കഴിയില്ലെന്ന് ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് അറിയിച്ചതിനെ തുടർന്നാണ് പുതിയ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്ന് വന്നിരിക്കുന്നത്. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന പരിപാടിയിൽ നേപ്പാളി ഗാനം അവതരിപ്പിക്കാൻ ആകില്ലെന്ന് ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് അറിയിച്ചത് പ്രകോപനത്തിന് കാരണമായി. ഇന്ത്യയുടെ വടക്ക്-കിഴക്കൻ ഭാഗത്ത് ഭാഷകളെ ചൊല്ലി ഉയർന്ന ഈ പുതിയ വിവാദത്തിൽ ജനം പല തട്ടിലായി അണിനിരന്നു.

നേപ്പാളി ഗാനം ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് പറഞ്ഞ് AIWC, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനോടനുബന്ധിച്ചക്കുള്ള പരിപാടിയിൽ നിന്നും നേപ്പാളി ഗാനം ആലപിക്കുന്നതിനുള്ള അവതരണാനുമതി നിഷേധിക്കുകയായിരുന്നു. കലിംപോംഗിൽ നിന്നുള്ള എഐഡബ്ല്യുസി അംഗവും ഡൽഹിയിലെ എഐഡബ്ല്യുസി ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് വിഷയം ആളിക്കത്തിയത്.

ഈ അവഗണന തങ്ങളെ അപമാനിതരാക്കിയെന്ന് ആരോപിച്ച് രോഷാകുലരായ ഗൂർഖ സമൂഹവും ഡാർജിലിംഗിൽ നിന്നുള്ള പ്രാദേശിക ജനപ്രതിനിധികളും, AIWC മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ഭാഷാ വിവാദമുണ്ടാക്കിയ ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.

Also Read:മത്സരക്ഷമത സൂചിക: റാങ്കിംഗ് മുന്നേറ്റവുമായി ഇന്ത്യ

75-ാമത് സ്വാതന്ത്ര്യ ദിനത്തിൽ നടക്കുന്ന പരിപാടിയുടെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനിടെ, ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് (എഐഡബ്ല്യുസി) അംഗം ചന്ദ്രപ്രഭ പാണ്ഡെ, നേപ്പാളി ഒരു ഇന്ത്യൻ ഇതര ഭാഷയാണെന്ന് ചൂണ്ടിക്കാട്ടി നേപ്പാളി ഭാഷയിലെ പ്രകടനം നിരസിച്ചു. കലിംപോംഗിൽ നിന്നുള്ള അരുണ പ്രധാൻ എഐഡബ്ല്യുസി എക്‌സിക്യൂട്ടീവ് അംഗം ചന്ദ്രപ്രഭാ പാണ്ഡെയോട് ന്യായവാദം ചെയ്യാൻ ശ്രമിച്ചപ്പോൾ അവർ പറയുന്നത് കേൾക്കുന്നതിനുപകരം, ‘അവർക്ക് [ഡാർജിലിംഗ് കലിംപോംഗ് മേഖലയിലെ കലാകാരന്മാർക്ക്] നേപ്പാളി ഭാഷയിൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിൽ പ്രകടനങ്ങൾ അയയ്‌ക്കാനാവില്ല. കാരണം, ഇത് ഇന്ത്യയിൽ നിന്നുള്ള ഒരു ഭാഷയല്ല’, എന്ന് ചന്ദ്രപ്രഭാ പാണ്ഡെ പറഞ്ഞു.

രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണ് നേപ്പാളി. ഇത് ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഐഡബ്ല്യുസി പോലുള്ള ഒരു സ്ഥാപനത്തിന് ഇത് അറിയില്ലെന്നത് ഞെട്ടിക്കുന്നതാണ്. നിലവിലെ സംഭവത്തിലെ അശ്രദ്ധ നേപ്പാളി സംസാരിക്കുന്ന ഏറ്റവും പ്രമുഖ സമൂഹങ്ങളിലൊന്നായ 1.5 കോടിയോളം വരുന്ന ഗൂർഖ സമൂഹത്തിന് കടുത്ത നിരാശയുണ്ടാക്കി.

shortlink

Post Your Comments


Back to top button