തിരുവനന്തപുരം: രഹസ്യമൊഴി നല്‍കിയതിന് ശേഷമുള്ള സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങളില്‍ നിന്ന് രക്ഷനേടാനായി രക്തസാക്ഷിയെ സൃഷ്ടിക്കാൻ സി.പി.ഐ.എം കെണി ഒരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. പ്രതിപക്ഷത്തെ പരമാവധി പ്രകോപിപ്പിക്കാനാണ് ഭരിക്കുന്ന പാര്‍ട്ടി ശ്രമിക്കുന്നതെന്നും ഒരു പാവപ്പെട്ട പ്രവര്‍ത്തകനെ രക്തസാക്ഷിയാക്കി ചുവപ്പുപുതപ്പിച്ച് രക്ഷപ്പെടാനുള്ള കെണിയില്‍ പ്രതിപക്ഷം വീഴില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഭരണകക്ഷി എം.എല്‍.എമാരുള്‍പ്പെടെ പരസ്യമായി കലാപാഹ്വാനം നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പുറത്തിറങ്ങിയാല്‍ കൈകരുത്ത് കാട്ടുമെന്ന് ഒരു എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വീണ എസ് നായര്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലം പറഞ്ഞിട്ടും വനിതാ കമ്മീഷന്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
‘പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ വിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും വഴിവിട്ട അമിതാധികാരശക്തികളുടെ കേന്ദ്രമായി മാറുന്നു’- അദ്ദേഹം ആരോപിച്ചു.
Post Your Comments