കോട്ടയം: സ്വർണ്ണക്കടത്ത് വിവാദം ആളിക്കത്തുന്ന സാഹചര്യത്തിൽ പ്രവചനവുമായി പി.സി ജോർജ്. ഒരു മാസത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുമെന്ന് പി.സി ജോർജ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ രാജിവെയ്ക്കുന്ന സാഹചര്യത്തിൽ പകരം, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ മുഖ്യമന്ത്രി ആകുമെന്നും പി.സി നിരീക്ഷണം നടത്തി. ഇപ്പോഴത്തെ സി.പി.എമ്മിന് ഇ.പി. ജയരാജനെ പോലെ ഒരാളെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാനാകുക എന്ന് പരിഹാസ രൂപേണയാണ് പി.സി. ജോർജ് പറഞ്ഞത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയരുന്ന ഗൂഢാലോചന സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പി.സി ജോർജ്.
Also Read:പിണറായി വിജയനും സരിതയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തി: പി.സി ജോർജ് പറയുന്നു
സ്വർണക്കടത്ത് കേസ് കത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് രാജിവെപ്പിക്കുമെന്നും, ഇതിനായി നിയമപരമായ എല്ലാ മാർഗ്ഗവും സ്വീകരിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. രാഷ്ട്രപതിയേയും ഗവർണറെയും സമീപിക്കുമെന്നും, ഈ കൊള്ളയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനാണ് ശ്രമം എന്നും പി.സി ജോർജ് കോട്ടയത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു മാസത്തിനുള്ളിൽ മുഖ്യന്റെ രാജി പ്രതീക്ഷിക്കാമെന്ന പി.സിയുടെ പ്രവചനം ആകാംഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
‘ഇ.പി. ജയരാജൻ വെറും മഠയൻ മാത്രമായത് കൊണ്ട് എന്തും പറഞ്ഞോട്ടെ, ക്ഷമിക്കാം. പക്ഷെ കോടിയേരിയും, എം.എ. ബേബിയും, യെച്ചൂരിയും, കാരാട്ടും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ഇവർ മിണ്ടാതിരിക്കുന്നത് ഒന്നുകിൽ ഭയപ്പെടുന്നത് കൊണ്ടാണ്. അല്ലെങ്കിൽ പിണറായി വിജയന്റെ കപ്പം വാങ്ങിയാണ് അവർ ജീവിക്കുന്നത്. ഷൈലജ ടീച്ചറെ പോലുള്ള ഒരാളെ മുഖ്യമന്ത്രിയാകാൻ സി.പി.എം. തയ്യാറാകില്ല. അവർ അന്തസ്സുള്ള കമ്മ്യൂണിസ്റ്റ് ആണ്. ഈ കാലഘട്ടത്തിൽ മുഖ്യമന്ത്രിയാകാൻ ഇ.പി ജയരാജനാണ് യോഗ്യൻ’, പി.സി ജോർജ് പരിഹസിച്ചു.
Post Your Comments