കോട്ടയം: സ്വർണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വപ്ന സുരേഷിന്റെ നീക്കത്തിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പി.സി ജോർജ്. മുഖ്യമന്ത്രി പിണറായി വിജയനും സോളാർ കേസിലെ പ്രതി സരിത എസ് നായരും ചേർന്ന് തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന് പി.സി ആരോപിക്കുന്നു. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്വപ്നയുടെ രഹസ്യമൊഴിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി കെ.ടി ജലീൽ പരാതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ആണ് പി.സിയുടെ പ്രതികരണം.
സ്വർണക്കടത്ത് കേസ് ചർച്ച ചെയ്യാൻ സ്വപ്ന താനുമായി എറണാകുളത്ത് വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നതായി പി.സി വെളിപ്പെടുത്തി. തങ്ങൾക്കൊപ്പം ക്രൈം നന്ദകുമാറും ഉണ്ടായിരുന്നതായി പി.സി പറയുന്നു. അന്ന് മൂന്നു പേജുള്ള ഒരു കത്ത് സ്വപ്ന തനിക്ക് കൈമാറിയിരുന്നുവെന്നും, തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കണ്ടതിനുശേഷമാണ് എറണാകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതെന്നും പി.സി ജോർജ് പറയുന്നു. സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ആയിരുന്നു തങ്ങളുടെ നീക്കമെന്ന് പി.സി പറയുന്നു.
Also Read:മാമ്പഴം കഴിച്ചാൽ പിന്നെ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
‘ഞങ്ങൾ ആദ്യം കൈക്കൊണ്ട തീരുമാനത്തിൽ നിന്നും പിന്നീട് സ്വപ്ന തന്നെ പിന്മാറി. ഇക്കാര്യം ആവശ്യപ്പെട്ട് പി.സി ജോർജ് ഹൈക്കോടതിയെ സമീപിക്കണ്ട എന്നായിരുന്നു സ്വപ്നയുടെ നിലപാട്. സ്വപ്ന ക്രൈം വാരികയ്ക്ക് അഭിമുഖം നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനാണ് ക്രൈം നന്ദകുമാർ വന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സരിത എസ് നായരും ചേർന്നാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. സരിത നൽകിയ കേസിൽ സിബിഐ അന്വേഷണം നടന്നുവരികയാണ്. എറണാകുളം വരെ സ്വന്തം കാശിൽ യാത്ര ചെയ്യേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി മൊഴിയെടുക്കാൻ സി.ബി.ഐ ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടുണ്ട്. ഇതിൽ മൊഴി നൽകാത്തതിനാലാണ് സരിതയ്ക്ക് തന്നോട് ദേഷ്യം ഉള്ളത്.
സരിതയുമായി മുൻപും പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സരിതയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാൽ തനിക്ക് എന്ത് ഗുണം ആണ് ഉള്ളത്? സരിത ഒരുദിവസം ഈരാറ്റുപേട്ടയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. വീട്ടിലേക്ക് വന്നാൽ കാണാം എന്നാണ് പറഞ്ഞത്. സരിതയുമായി കൂടിക്കാഴ്ച നടത്തിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയത്. രാത്രിയിലാണ് സരിത ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയത്. പർദ്ദയിട്ട ശേഷമാണ് സരിത വീട്ടിലെത്തിയത്. ഏതോ മുസ്ലിം സ്ത്രീ എത്തിയെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ, തന്റെ ഓഫീസിലെത്തി പർദ്ദ മാറ്റി കാണിച്ചപ്പോഴാണ് സരിതയാണ് എന്ന് എനിക്ക് വ്യക്തമായത്. മറ്റൊരു ദിവസം കായംകുളം വെച്ച് സരിതയുടെ മകൻ ഞാനുമായി കൂടിക്കാഴ്ച നടത്തി. ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയപ്പോഴും സരിതയുടെ മകൻ ഉണ്ടായിരുന്നു’, പി.സി ജോർജ് പറയുന്നു.
Post Your Comments