കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ, സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറ്മാറ്റവും ഇടനിലക്കാരുടെ ഇടപെടലും കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുന്നു.
ദൃക്‌സാക്ഷികളിൽ പ്രധാനികളായ ഉണ്ണിക്കൃഷ്ണൻ, മധുവിന്റെ ബന്ധുകൂടിയായ ചന്ദ്രൻ എന്നിവരാണ് നിലവിൽ കൂറുമാറിയത്. മധുവിനെ ചവിട്ടാൻ ഒന്നാം പ്രതി ഹുസൈൻ കാലു പൊക്കുന്നത് കണ്ടു, പക്ഷേ, ചവിട്ടുന്നത് കണ്ടില്ലെന്നാണ് ഉണ്ണിക്കൃഷ്ണന്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതൊന്നും കണ്ടില്ലെന്നാണ് ചന്ദ്രന്റെ മൊഴി.
കേസിലെ ഒന്നാം പ്രതി ഹുസൈൻ, മധുവിന്റെ നെഞ്ചത്തു ചവിട്ടി എന്നാണ് കുറ്റപത്രത്തിലുള്ളത്. ഇത് കണ്ടെന്നായിരുന്നു പോലീസിനോട് മുമ്പ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നത്. എന്നാൽ, രഹസ്യമൊഴിയിൽ കാലുയർത്തുന്നത് കണ്ടു പക്ഷേ, ചവിട്ടുന്നത് കണ്ടില്ലെന്നാണ് പറഞ്ഞത്. വിചാരണ വേളയിലും ഇത് ആവർത്തിച്ചതോടെ ഇയാൾ കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു.
മധുവിന്റെ അമ്മയുടെ സഹോദരിയുടെ മകനായ ചന്ദ്രൻ, മധുവിനെ ആക്രമിച്ച ആൾക്കൂട്ടത്തിൽ ഉള്ളതിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളുണ്ട്. എന്നാൽ, മധുവിനെ ആക്രമിക്കുന്നത് കണ്ടില്ലെന്ന് ഇയാളും മൊഴി നൽകി. ഇതോടെ, ഇയാളും കൂറ്മാറിയതായി പ്രഖ്യാപിച്ച് പ്രോസിക്യൂഷൻ സി.സി.ടി.വി ദൃശ്യങ്ങൾ കാണിച്ച് ക്രോസ് വിസ്താരം നടത്തുകയായിരുന്നു. ഇനി മധുവിന്റെ ബന്ധുക്കളെയാണ് വിസ്തരിക്കാനുള്ളത്.
സാക്ഷികൾ കൂറ്മാറുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. എങ്കിലും, സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള തെളിവുകളും ശാസ്ത്രീയ തെളിവുകളും കേസ് തെളിയിക്കാൻ പര്യാപ്തമാണെന്ന കണക്കുകൂട്ടലാണ് പ്രോസിക്യൂഷനുള്ളത്.
അതേസമയം, മധുവിന്റെ കുടുംബം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
വാളയാറിൽ രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഹാജരായത് സി. രാജേന്ദ്രനായിരുന്നു. തുടർന്നായിരുന്നു അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
ഈ രണ്ട് കേസുകളിലും ഇടപെട്ട മറ്റു ചിലർക്ക് സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നതിന് പിന്നിൽ പങ്കുണ്ടെന്ന് ആരോപണമുണ്ട്. രാജേഷ് എം. മേനോനാണ് അഡീഷണൽ പ്രോസിക്യൂട്ടർ.
മധു വധക്കേസിൽ പ്രോസിക്യൂട്ടർ ഹാജരാകാതെ വന്നതോടെ കോടതി നേരത്തേ വിമർശനമുന്നയിച്ചിരുന്നു.
Post Your Comments