പാലക്കാട്: എന്തിനും ഏതിനും ഓടിയെത്തുന്ന ‘നല്ലവനായ’ ഷാജഹാന്റെ തനിനിറം കണ്ട് ഞെട്ടിയിരിക്കുകയാണ് പാലക്കാട് അമ്പലപ്പറമ്പ് നിവാസികൾ. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാൻ നാട്ടുകാർക്ക് ‘നല്ലവനായ ഉണ്ണി’ ആയിരുന്നു. എന്നാൽ, അയൽവാസിയും പാർട്ടി പ്രവർത്തകയുമായ യുവതിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഷാജഹാൻ അറസ്റ്റിലായപ്പോൾ ഞെട്ടിയത് പരാതിക്കാരിയായ യുവതി മാത്രമായിരുന്നില്ല, പാർട്ടി പ്രവർത്തകർ കൂടിയാണ്.
യുവതിയുടെ പരാതിയിൽ പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്. പരാതി നൽകിയെന്നറിഞ്ഞതോടെ ഷാജഹാൻ ഒളിവിൽ പോയി. ഷാജഹാന്റെ വീടിനുസമീപം ആണ് പാർട്ടി സഖാവായ വീട്ടമ്മയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. ഇവർക്ക് ഏതൊരു ആവശ്യത്തിനും ആദ്യം ഓടിയെത്തുന്നത് ഷാജഹാൻ ആയിരുന്നു. അതുകൊണ്ട് തന്നെ, സഖാവിനെ വീട്ടമ്മയ്ക്കും കുടുംബത്തിനും നല്ല വിശ്വാസവുമായിരുന്നു.
Also Read:ടിം ഡേവിഡിനെ വൈകാതെ ഓസ്‌ട്രേലിയൻ ജേഴ്സിയിൽ കാണാം: ആരോൺ ഫിഞ്ച്
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. രാത്രി പത്തുമണിയോടെ വീട്ടമ്മ കുളിക്കുന്നതിനിടയിൽ കുളിമുറിയുടെ ജനാലയിൽ ചില ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒരു മൊബൈൽ ഫോൺ കണ്ടത്. ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോൾ ഷാജഹാൻ ഓടി രക്ഷപ്പെട്ടു. എന്നാൽ, ഓട്ടത്തിനിടെ മൊബൈൽ ഫോൺ നഷ്ടമായി. ഇത് തിരിച്ച് വന്ന് എടുക്കാനും ഷാജഹാന് കഴിഞ്ഞില്ല. ഓടിപ്പോയത് ആരാണെന്ന് യുവതിക്ക് മനസിലായില്ല. സംഭവത്തെ കുറിച്ച് പറയാൻ യുവതി ഷാജഹാന്റെ ഫോണിലേക്ക് വിളിച്ചു. അപ്പോഴാണ് കുളിമുറിക്ക് പിറകിൽ നിന്നും ഷാജഹാന്റെ ഫോണിൽ നിന്നും റിങ്ടോണായ ‘ചോര വീണ മണ്ണിൽ നിന്ന്..’ എന്ന് പാട്ട് കേൾക്കുന്നത്.
‘ഞാന്‍ കുളിക്കുന്ന സമയത്ത് ബാത്ത് റൂമിന്റെ ഭാഗത്ത് കൂടി ആരോ നടക്കുന്നതായി തോന്നി. സംശയം കൊണ്ട് ബാത്ത് റൂമിന്റെ ഒരുഭാഗത്ത് ഇരുന്ന ശേഷം കരയുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായ കാര്യം ഷാജഹാനെ അറിയിക്കാന്‍ വിളിക്കുമ്പോഴാണ് മൊബൈലില്‍ നമ്പര്‍ തെളിയുന്നത്. ഇതാണ് പകല്‍ മാന്യനായ നേതാവിന്റെ യഥാര്‍ഥ മുഖം അറിയാന്‍ ഇടയാക്കിയത്’, വീട്ടമ്മ പറഞ്ഞു.
Also Read:മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും!
ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. സി.പി.എം അനുഭാവികളായ കുടുംബം പാർട്ടിയെ വിവരമറിയിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സി.പി.എം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കി. വീട്ടമ്മയുടെ പരാതിയെ തുടർന്ന് സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടിയും സ്വീകരിച്ചു. സി.പി.എം കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
Post Your Comments