കൊച്ചി: ‘ഇച്ചായന്‍’ എന്ന വിളിയോട് താൽപ്പര്യമില്ലെന്ന് ആവർത്തിച്ച നടൻ ടൊവിനോ തോമസിനെ ട്രോളി സോഷ്യൽ മീഡിയ. മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവരുടെ ജന്മദിനത്തിന് അവരെ യഥാക്രമം ലാലേട്ടൻ, മമ്മൂക്ക, ചാക്കോച്ചൻ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ടൊവിനോ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം ഷെയർ ചെയ്തുകൊണ്ടാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.
മുസ്ലിമിനെ ഇക്കാ എന്നും ക്രിസ്ത്യാനിയെ ഇച്ചായൻ എന്നും ഹിന്ദുവിനെ ചേട്ടൻ എന്നും വിളിക്കുന്നതിലല്ലേ യഥാർത്ഥത്തിൽ മതേതരത്വം ഉള്ളതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. പല വിശ്വാസങ്ങളിലും സംസ്കാരങ്ങളിലും ഉള്ള വ്യത്യസ്തയെ ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതിൽ അല്ലേ മതേതരത്വമെന്നും ഇവർ ഓർമിപ്പിക്കുന്നു. അതേസമയം, യാതൊരു പരിചയവുമില്ലാത്തവർ ‘ഇച്ചായാ’ എന്ന് വിളിക്കുന്നതിനെയാണ് ടൊവിനോ വിമർശിച്ചതെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.
ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെയാണ് തോന്നുന്നതെന്നായിരുന്നു ടൊവിനോ പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. താൻ അത്ര വലിയ വിശ്വാസിയൊന്നുമല്ലെന്നും, അതുകൊണ്ട് തന്നെ ഇച്ചായാ എന്ന വിളി അത്ര സുഖകരമല്ലെന്നും ടൊവിനോ പറഞ്ഞു. ഇച്ചായന്‍ എന്ന് സ്‌നേഹം കൊണ്ട് വിളിക്കുന്നതായിരിക്കുമെന്നും ടൊവിനോ പറഞ്ഞു. എന്നാല്‍, ഒരു നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും വിളിക്കുന്നതിൽ നമ്മളറിയാത്ത എന്തോ പന്തികേടില്ലേ എന്നും ടൊവിനോ ചോദിച്ചു.
Post Your Comments