അഹമ്മദാബാദ്: കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ദീർഘകാലം അധികാരത്തിലിരുന്നവർ ആദിവാസി മേഖലകളുടെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും കഠിനാധ്വാനം ആവശ്യമുള്ള മേഖലയെ പൂർണ്ണമായി അവഗണിച്ചുവെന്നും പ്രധാനമന്ത്രി ഉന്നയിച്ചു. ബി.ജെ.പി എക്കാലവും പാവപ്പെട്ടവർക്കൊപ്പമാണെന്നും ഖുദ്‌വേലിൽ 3,050 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടൽ ചടങ്ങിനും ശേഷം നടന്ന ഗുജറാത്ത് ഗൗരവ് അഭിയാൻ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ് ബി.ജെ,പി പരിശ്രമിക്കുന്നത്. വോട്ടിന് വേണ്ടിയോ, തെരഞ്ഞെടുപ്പ് ജയത്തിനോ വേണ്ടിയല്ല ബി.ജെ.പി വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ദീര്ഘകാലം രാജ്യം ഭരിച്ചവർ ആദിവാസി മേഖലകളുടെ വികസനത്തിന് താൽപര്യം കാണിച്ചിരുന്നില്ല. കഠിനാധ്വാനം നടത്താനുള്ള മടിയാണ് ഇതിന് കാരണം’- മോദി പറഞ്ഞു.
‘വാക്സിനേഷൻ പോലുള്ള പ്രചാരണങ്ങൾ ആദിവാസികൾ താമസിക്കുന്ന വനമേഖലകളിൽ എത്താൻ മാസങ്ങൾ എടുക്കുമായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതി മാറി. വൈദ്യുതി, വെള്ളം, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം, എല്ലാ തരത്തിലുമുള്ള കണക്റ്റിവിറ്റി പദ്ധതികൾ ആദിവാസി മേഖലകളിൽ കൂടുതലായി നടപ്പാക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗുജറാത്തിന്റെ ദ്രുതഗതിയിലുള്ള വികസനം സംസ്ഥാനത്തിന് അഭിമാനകരമാണ്’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments