കോട്ടയം: കോട്ടയത്ത് കെ.ജി.ഒ.എയുടെ സംസ്ഥാനസമ്മേളനമടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലുടനീളം വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. ഒരു മണിക്കൂറോളമാണ് പലയിടങ്ങളിലും വാഹനങ്ങൾ പിടിച്ചിട്ടത്. ഓഫീസുകളിലും സ്‌കൂളുകളിലും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവരെ ഒന്നടങ്കം ബുദ്ധിമുട്ടിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്ര.
ഇതിനിടെ പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും പോലും പോലീസ് തടഞ്ഞ് വെച്ചു. മുഖ്യമന്ത്രിക്ക് സ്വന്തം ജനങ്ങളെപ്പോലും ഭയമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ സുരക്ഷാ സന്നാഹം. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ, തലയുയർത്തി, നെഞ്ചുവിരിച്ച് കടന്നുവന്നിരുന്ന മുഖ്യമന്ത്രിക്ക് ഇതെന്ത് പറ്റിയെന്ന ചോദ്യമാണ് ഉയരുന്നത്. അതോ… ആ പറഞ്ഞിരുന്നതെല്ലാം വെറും തള്ളായിരുന്നോ എന്ന് പരിഹസിക്കുന്നവരും ഉണ്ട്.
‘വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ്’ എന്ന് ഏത് പ്രസംഗത്തിലും ആവർത്തിക്കുന്ന മുഖ്യമന്ത്രി, ഇന്ന് വിരണ്ടുപോയോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ഡയലോഗ് അടിക്കാൻ ആർക്കും പറ്റുമെന്നും, പക്ഷെ കാര്യത്തിലോട്ടടുക്കുമ്പോൾ പലതരം കാറ്റഗറിയിൽ സുരക്ഷയൊരുക്കിയാണ് ഇത്തരക്കാർ യാത്ര ചെയ്യുന്നതെന്നും, മുഖ്യമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് പറയുന്നു. വിരട്ടാൻ നിക്കേണ്ടെന്ന് പറഞ്ഞ ധൈര്യശാലിയായ മുഖ്യമന്ത്രി എന്തിനാണ് ഈച്ചയെ വരെ പരിശോധിച്ച് കടത്തി വിടുന്ന തരത്തിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചതെന്ന് ഇക്കൂട്ടർ ചോദിക്കുന്നു. പ്രതിപക്ഷത്തിന് പിന്നാലെ ജനവും മുഖ്യനെതിരാണ്. തങ്ങൾ മുഖ്യമന്ത്രിയെ ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും, സ്വന്തം കാര്യം നോക്കുന്ന ഞങ്ങളുടെ വഴി മുടക്കുന്നത് എന്തിനാണെന്നുമാണ് സ്ത്രീകൾ ചോദിക്കുന്നത്.
മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്‍റെ വാഹനം കടന്ന് പോയ വഴിക്ക് ഒന്നര മണിക്കൂർ മുമ്പേ പൊതുജനത്തിന്‍റെ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു. ഇതിന്‍റെ പേരിൽ കോട്ടയം നഗരത്തിൽ വഴിയാത്രക്കാരും പോലീസും തമ്മിൽ തർക്കമുണ്ടായി. കറുത്ത മാസ്ക് ധരിച്ചവർ പോലും ഈ വഴി കടന്ന് പോകരുതെന്നാണ് പോലീസ് നൽകിയ നിർദേശം. കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പോലീസ് അടച്ചു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്. പ്രതിപക്ഷത്തിന്‍റേതടക്കം വലിയ പ്രതിഷേധങ്ങൾക്കാണ് ഈ വെളിപ്പെടുത്തലുകളെത്തുടർന്ന് കേരളം സാക്ഷ്യം വഹിച്ചത്. വിവാദം ആളിക്കത്തിക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോഴാണ് അതീവ സുരക്ഷയുടെ തണലിൽ മുഖ്യൻ കോട്ടയം വരെ സഞ്ചരിച്ചത്.
Post Your Comments