കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളാണ് കേരളം ചർച്ച ചെയ്യുന്നത്. നികേഷ് കുമാര്‍ എന്ന വ്യക്തി മുഖ്യമന്ത്രിക്ക് വേണ്ടി ഒത്തുതീര്‍പ്പ് ഇടപെടല്‍ നടത്താന്‍ ശ്രമിക്കുന്നതായി ഷാജ് കിരണ്‍ പറഞ്ഞെന്ന സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ, മാധ്യമപ്രവർത്തകൻ നികേഷ് കുമാറിനെതിരെ പരിഹാസങ്ങളും ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. നികേഷിനെതിരായ പ്രചാരണത്തിന് പിന്നിൽ ബി.ജെ.പിയും കോൺഗ്രസും ആണെന്ന് ആരോപിച്ച് സൈബർ സഖാക്കൾ നികേഷിന് പിന്തുണ അറിയിച്ച് രംഗത്തുണ്ട്.
ഇതിനിടെ തനിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി നികേഷും രംഗത്തെത്തിയിരുന്നു. റിപ്പോർട്ടർ ടി.വിയുമായി നടത്തിയ അഭിമുഖത്തിൽ, ഷാജ് കിരണും സ്വപ്ന സുരേഷും തന്നെ കുടുക്കാൻ മനഃപൂർവ്വം ശ്രമിക്കുകയായിരുന്നു എന്നാണ് നികേഷ് വെളിപ്പെടുത്തിയത്. സ്വപ്നയുടെ ഒരു അഭിമുഖത്തിന് തയ്യാറെടുക്കണമെന്ന ആവശ്യം പറഞ്ഞാണ് ഷാജ് കുമാർ വിളിച്ചതെന്നും, താൻ അഭിമുഖത്തിനായി തയ്യാറായിരുന്നുവെന്നും നികേഷ് പറഞ്ഞു. നികേഷ് പറഞ്ഞതിന്റെ കൂടുതൽ കാര്യങ്ങൾ പുറത്ത്.
Also Read:വിഴിഞ്ഞത്ത് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം
‘മാധ്യമ പ്രവര്‍ത്തനം പൂര്‍ണ്ണമായും ആസ്വദിക്കുന്ന ആളാണ് ഞാന്‍. ഒരു ബ്രെയ്ക്കിംഗ് ന്യൂസ് രൂപപ്പെടുമ്പോള്‍ കുഞ്ഞ് ജനിക്കുന്നതിന്റെ ആഹ്ലാദം ആണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുഭവപ്പെടുക. എനിക്കും അങ്ങനെയാണ്. മുഖം നോക്കാതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആണ് സുഖം. ഒത്തു തീര്‍പ്പിന് ഇറങ്ങിയാല്‍ ആ സുഖം പോയില്ലേ. ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. പക്ഷെ, രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ട്. അത് തുടരും. എന്റെ പേര് ദുരുപയോഗപ്പെടുത്തിയാൽ ഞാൻ വെറുതെ വിടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം ഇല്ലാത്ത ആള്‍ ആണ്. വീടോ കാറോ സമ്പാദിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ നടത്തുക വലിയ വെല്ലുവിളിയാണ്. എന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ സ്വപ്‌നയേയോ ഷാജിനെയോ അനുവദിക്കാന്‍ ആവില്ല. ആരാണ് ശരി ആരാണ് തെറ്റ് എന്ന് കണ്ടെത്തേണ്ടതുണ്ട്’, നികേഷ് കുമാർ പറഞ്ഞു.
Post Your Comments