Latest NewsKeralaNews

വിടാതെ സ്വപ്ന, കലുഷിതം രാഷ്ട്രീയ കേരളം: യഥാർത്ഥ വില്ലൻ ആര്? മൂന്ന് മണിക്ക് എന്ത് സംഭവിക്കും?

കൊച്ചി: സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തൽ ഇടിത്തീ പോലെയാണ് ഇടത് സർക്കാരിനും സി.പി.എമ്മിനും മേൽ പതിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും കറൻസി കടത്തിൽ പങ്കുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തുമ്പോൾ ആടിയുലയുന്നത് ക്യാപ്റ്റൻ നയിക്കുന്ന കപ്പലാണ്. ഇന്ന് മൂന്ന് മണിക്ക് എന്ത് സംഭവിക്കും? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് സ്വപ്നയിലേക്കാണ്. മൂന്ന് മണിക്ക് രാഷ്ട്രീയ കേരളം ഞെട്ടുന്ന ശബ്ദരേഖ പുറത്തുവിടുമെന്ന് സ്വപ്ന ആവർത്തിക്കുമ്പോഴും മുഖ്യനെ ന്യായീകരിച്ച് വെളുപ്പിക്കുകയാണ് സി.പി.എം നേതാക്കളും അണികളും.

ക്യാപ്റ്റനെ വിശുദ്ധനാക്കിക്കൊണ്ടുള്ള വാദങ്ങളും ന്യായീകരണങ്ങളുമായി മന്ത്രിമാരും നേതാക്കളും രംഗത്തുണ്ട്. സ്വപ്നയുടെ നട്ടാൽക്കുരുക്കാത്ത നുണകൾ ഉള്ളി തൊലിക്കുന്നതുപോലെ ഇല്ലാതാകുന്നുവെന്നാണ് സി.പി.എമ്മിന്റെ പുതിയ വാദം. സ്വപ്നയുടെ വെളിപ്പെടുത്തലുകളെ ആയുധമാക്കി കളം നിറഞ്ഞ് കളിക്കുകയാണ് പ്രതിപക്ഷം. സ്വപ്‌നയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും, അവരുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് മുഖ്യനെതിരെ ഉയർത്തിയ ആരോപണങ്ങളെന്നുമാണ് സി.പി.എമ്മിന്റെ വാദം. കലാപമാണ് ബി.ജെ.പിയും കോൺഗ്രസും ലക്ഷ്യം വെയ്ക്കുന്നതെന്നാണ് ന്യായീകരണവാദികളുടെ കണ്ടുപിടുത്തം.

സ്വപ്നയുടെ രണ്ടാംവരവ്

ജൂൺ 7

മുഖ്യമന്ത്രിക്കെതിരായി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിക്ക് കറൻസി കടത്തലുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാമെന്നും സ്വപ്നയുടെ വെളിപ്പെടുത്തൽ. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും, കേസുമായി ബന്ധമുള്ളവരില്‍ നിന്നും ഭീഷണിയുണ്ടെന്നും സ്വപ്നയുടെ മൊഴി.

‘ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്, 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട്, മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ എന്നെ അറിയിച്ചു. ഇതേത്തുടർന്ന്, കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി അത് കൊടുത്തുവിട്ടു. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം കറൻസി നോട്ടുകളാണ് എത്തിച്ചത്. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. നിരവധി തവണ കോൺസുലേറ്റ് ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാം’ – സ്വപ്ന സുരേഷ് ആരോപിച്ചു.

Also Read:തലശ്ശേരി ന​ഗ​ര​മ​ധ്യ​ത്തി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി

സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ കേരള രാഷ്ട്രീയം കലുഷിതമായി. ഇടത് സർക്കാർ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധവും പരിഹാസങ്ങളുമായി പ്രതിപക്ഷം വിഷയത്തെ ആളിക്കത്തിച്ചു.

ജൂൺ 8

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സംസാരിച്ചതിന് പിന്നാലെ സരിത്തിനെ ഫ്‌ളാറ്റിൽ നിന്നും നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത് വിജിലൻസ്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിൽ എടുത്തതെന്നായിരുന്നു വിജിലൻസിന്റെ വാദം. എന്നാൽ, കേസിനെക്കുറിച്ച് ഒരു കാര്യവും തന്നോട് ആരാഞ്ഞില്ലെന്നും, ചോദിച്ചത് മുഴുവൻ സ്വപ്‌നയെക്കുറിച്ചായിരുന്നുവെന്നും സരിത്ത് വെളിപ്പെടുത്തി. ആരുടെ നിർബന്ധപ്രകാരമാണ് സ്വപ്‌ന മുഖ്യമന്ത്രിയ്‌ക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയത് എന്നായിരുന്നു വിജിലൻസിന് അറിയേണ്ടിയിരുന്നത്.

ജൂൺ 8

മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നതായി സ്വപ്ന. ‘എടോ സരിത്തേ, ഇയാളെ നാളെ പൊക്കും..’ എന്നാണ് ഷാജ് കിരൺ തന്നോട് പറഞ്ഞിരുന്നതെന്ന് സ്വപ്ന പറഞ്ഞു. തന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ഷാജ് ശ്രമിച്ചുവെന്ന് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോട് സംസാരിക്കണമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടെന്നും സ്വപ്ന.

ജൂൺ 9

സ്വപ്നയുടെ ആരോപണത്തെ തള്ളി ഷാജ് കിരൺ. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാല്‍ സ്വപ്‌ന വാടക ഗർഭപാത്രം വാഗ്ദാനം ചെയ്തിരുന്നുവെന് ഷാജ് കിരൺ പറഞ്ഞു. ആത്മഹത്യ ചെയ്യുമെന്നും സഹായിക്കണമെന്നുമാണ് സ്വപ്ന തന്നോട് പറഞ്ഞതെന്നും, പരസ്പരം വളരേയേറെ വ്യക്തിബന്ധമുണ്ടായിട്ടും താന്‍ ഭീഷണിപ്പെടുത്തിയെന്ന് കള്ളം പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും കിരണിന്റെ വാദം.

ജൂൺ 9

ഷാജ് കിരണിനും മുഖ്യമന്ത്രിക്കുമെതിരെ പറഞ്ഞ മൊഴികളിൽ ഉറച്ച് സ്വപ്ന. ഷാജ് കിരൺ തന്നെ വന്ന് കണ്ടതിന്റെയും സംസാരിച്ചതിന്റെയും തെളിവുകൾ കൈവശമുണ്ടെന്നും, ശബ്ദരേഖ പുറത്തുവിടുമെന്നും ആവർത്തിച്ച് സ്വപ്ന. കേരള രാഷ്ട്രീയം ഞെട്ടുന്ന ശബ്ദരേഖ നാളെ പുറത്തുവിടുമെന്ന് സ്വപ്നയുടെ വെളിപ്പെടുത്തൽ.

ജൂൺ 10

നികേഷ് കുമാറുമായി തനിക്ക് ഈ കാര്യത്തിൽ ബന്ധമില്ലെന്ന് ഷാജ് കിരൺ. ഫോൺ കൈമാറാൻ സ്വപ്നയോട് പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഷാജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button