തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണെന്നും പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം നൽകിയത്.
‘സംസ്ഥാനത്തേയും ജില്ലകളുടേയും കോവിഡ് സ്ഥിതി യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. ആ ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. വാക്‌സിനേഷന്റെ പുരോഗതിയും ചർച്ച ചെയ്തു. കോവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്‌സിനും പ്രിക്കോഷൻ ഡോസും എടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. അത് ആപത്തുണ്ടാക്കാം. രണ്ട് ഡോസ് വാക്‌സിനും പ്രിക്കോഷൻ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താൽ മാത്രമേ ഫലം ലഭിക്കൂ. കോവിഡ് മരണം സംഭവിക്കുന്നവരിൽ വാക്‌സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തൽ. അനുബന്ധ രോഗങ്ങളുള്ളവർക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്’- ആരോഗ്യമന്ത്രി അറിയിച്ചു.
Post Your Comments