കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം. കൃത്യവിലോപം ചൂണ്ടിക്കാട്ടി സൂപ്രണ്ട് ഡോ. കെ സി രമേശനെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും. കെജിഎംഒയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കരിദിനം ആചരിക്കും.
നടപടി പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലെയും ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട രോഗി മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണത്തിൽ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാൻ എന്ന അന്തേവാസിയാണ് വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതരിവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൂന്നാം വാർഡിലെ സെല്ലിൽ താമസിച്ചിരുന്ന ഇയാൾ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് രാത്രി പുറത്തുകടന്നത്. ദിവസങ്ങളുടെ പരിശ്രമം ഇതിനെടുത്തെന്നാണ് പൊലീസ് നിഗമനം. ഭിത്തിയുടെ ബലക്കറുവും അനുകൂലമായി. ഇവിടെ നിന്നും രക്ഷപെട്ട ഇയാൾ വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.
Post Your Comments