മുംബൈ: മഹാരാഷ്ട്രയിലെ അടുത്ത നഗരവും പേര് മാറ്റാൻ ഒരുങ്ങുന്നതായി സൂചന. ഔറംഗബാദിനു ശേഷം അടുത്തതായി പേരുമാറ്റാൻ ഉദ്ദേശിക്കുന്നത് അഹമ്മദ് നഗറാണ്. ഈ നഗരത്തിന്റെ പേര് ‘അഹില്യാനഗർ’ എന്നാക്കി മാറ്റാനാണ് ആലോചന.
അഹമ്മദ് നഗർ പ്രസിദ്ധയായ രാജ്ഞി അഹില്യാദേവി ഹോൾക്കറുടെ ജന്മസ്ഥലമാണ്. ബിജെപി എംഎൽഎ ഗോപിചന്ദ് പതാൾക്കറാണ് നഗരത്തിന്റെ പേര് മാറ്റാനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് അയച്ചിട്ടുള്ളത്. ഇത് തന്റെ ആവശ്യമില്ലെന്നും, മറിച്ച് അഹമ്മദ് നഗറിലെ ജനങ്ങളുടെ വികാരമാണെന്നുമാണ് ഇതിൽ ഗോപിചന്ദ് വിവരിച്ചിട്ടുള്ളത്. ഹിന്ദു സംരക്ഷക എന്ന രീതിയിലുള്ള രാജ്ഞിയുടെ ചരിത്രമാണ് ജനങ്ങൾക്ക് ഇതിനു പ്രചോദനം നൽകുന്നത്.
രാജാക്കന്മാർ അനവധി ക്ഷേത്രങ്ങൾ തകർത്തു കളഞ്ഞപ്പോൾ, അവ പുനർനിർമ്മിച്ചത് അഹില്യാദേവി ഹോൾക്കറാണ്. ഈ ക്ഷേത്രങ്ങളിൽ വിശ്വപ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടുന്നു. ഹിന്ദു സംസ്കാരം പരിരക്ഷിച്ച അവർ ഓരോ ഹിന്ദുവിനും മാതൃകയാണ്. അതുകൊണ്ടാണ് കുലീനയായ ഒരു സ്ത്രീയുടെ ജന്മസ്ഥലം അവരുടെ പേരിൽ അറിയപ്പെടണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഗോപിചന്ദ് വ്യക്തമാക്കി.
Post Your Comments