Latest NewsNewsIndia

തലയിലും മുഖത്തും ചുണ്ടുകളിലും മുറിവേറ്റ പാടുകള്‍, കെ.കെയുടെ മരണത്തില്‍ അസ്വാഭാവികത

ബോളിവുഡ് ഗായകന്‍ കെ.കെയുടെ മരണത്തില്‍ ചില സംശയങ്ങള്‍, ശരീരത്തിലും തലയിലും മുറിവേറ്റ പാടുകള്‍: ഭക്ഷണശേഷം ഛര്‍ദ്ദിച്ചതായും റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: മലയാളിയായ ബോളിവുഡ് ഗായകന്‍ കൃഷ്ണ കുമാറിന്റെ മരണത്തില്‍ അസ്വാഭാവികതയെന്ന് വിദഗ്ധര്‍. പരിപാടിക്കിടെ സുഖമില്ലാതായ കൃഷ്ണകുമാര്‍ കുന്നത്തിനെ വേദിയില്‍ നിന്ന് തിരക്കിട്ട് പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഹോട്ടലിലേയ്ക്ക് മടങ്ങിയ ഗായകന്റെ ആരോഗ്യനില പിന്നീട് വഷളാകുകയായിരുന്നു. നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന്, ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണവും സംഭവിച്ചു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

അതേസമയം, ഗായകന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകാതെ പുറത്തുവരും. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സൗത്ത് കൊല്‍ക്കത്തയിലെ മസ്റുള്‍ മഞ്ച് ഓഡിറ്റോറിയത്തില്‍, കൊള്ളാവുന്നതിനേക്കാള്‍ ആള്‍ക്കൂട്ടം ഉണ്ടായിരുന്നതായി പറയുന്നു, അതുകൊണ്ട് തന്നെ ചൂടും കൂടി. 2,400 പേര്‍ക്ക് പ്രവേശിക്കാവുന്ന ഹാളില്‍ ഏഴായിരത്തോളം പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഒരുകോളേജ് ഫെസ്റ്റിന് വേണ്ടിയാണ് കെ.കെ പാടിയത്. 53കാരനായ ഗായകനെ സിഎംആര്‍ഐ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍, ആശുപത്രിയിലേയ്ക്ക് എത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

എന്നാല്‍, കെ.കെയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഹൃദ്രോഗ വിദഗ്ധന്‍ പറയുന്നു. രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിന് ശേഷമാണ്, മരണം സംഭവിച്ചതെന്ന് ഡോ. കുനാല്‍ സര്‍ക്കാര്‍ അറിയിച്ചു. കെ.കെയുടെ തലയിലും മുഖത്തും ചുണ്ടുകളിലും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വേദിയില്‍ നിന്ന് ഹോട്ടലിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് ചോദ്യം ഉയരുന്നുണ്ട്. തലയിലെ മുറിവ് മരണകാരണമായോ എന്ന് വ്യക്തമല്ല. വീഴ്ചയില്‍ സംഭവിച്ചതാണ് മുറിവുകള്‍ എന്നാണ് പറയുന്നത്.

കെ.കെയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന്, കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പൊലീസ് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ എത്തിയ ശേഷം, കെ.കെ ഛര്‍ദ്ദിച്ചതായി പറയുന്നു. കഴിച്ച ഭക്ഷണം എന്തെങ്കിലുമാണോ ആപത്തുണ്ടാക്കിയത് എന്നും സംശയം ഉയരുന്നു. പൊലീസ് ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.

ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന മലയാളി ഗായകനാണ് കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53). ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ നസ്റുള്‍ മഞ്ചില്‍ നടന്ന സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം, താമസിച്ചിരുന്ന ഹോട്ടലിലേയ്ക്ക് തിരികെയെത്തി. തുടര്‍ന്ന്, ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കൊല്‍ക്കത്തയിലെ സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആല്‍ബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാ ഗാനങ്ങളായും സംഗീത പ്രേമികളുടെ ഹൃദയം കവര്‍ന്ന കെ.കെ വിവിധ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘പല്‍’ എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button