കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോയിലെ യാർഡിൽ നുഴഞ്ഞു കയറി ഭീഷണി സന്ദേശമെഴുതിയ സംഭവം പോലീസ് രഹസ്യമാക്കി വെച്ചത് എന്തിനെന്ന് ചോദ്യമുയരുന്നു. ആലുവ മുട്ടം സ്റ്റേഷനിലും, അമ്പാട്ടുകാവിനും ഇടയിലുള്ള, 10 അടി ഉയരമുള്ള മതില്‍കെട്ടും ഇതിന് മുകളില്‍ കമ്പിവേലിയും ഉള്ള അതീവ സുരക്ഷാ മേഖലയായ മെട്രോ യാർഡിൽ കയറി സംസ്ഥാനത്തെ ഞെട്ടിക്കുന്ന ഭീഷണി സന്ദേശമെഴുതിയ സംഭവം പോലീസ് രഹസ്യമായി അന്വേഷിച്ച് വരികയായിരുന്നു. 215 സുരക്ഷാ ഉദ്യോഗസ്ഥരാണ് മെട്രോയ്ക്ക് സുരക്ഷ ഒരുക്കുന്നത്. ഇവരുടെ കണ്ണ് വെട്ടിച്ചാണ് രണ്ട് പേർ യാർഡിൽ കയറിയതും ഭീഷണി സന്ദേശം എഴുതിയതും.
‘ആദ്യ സ്ഫോടനം കൊച്ചിയിൽ’ എന്നായിരുന്നു പമ്പ എന്ന ട്രെയിനിന്റെ മുകളിൽ രണ്ട് പേർ ചേർന്ന് എഴുതിയിരുന്നത്. ‘ഫസ്റ്റ് ഹിറ്റ് കൊച്ചി’യെന്ന് ചെറുതായും രണ്ടിടത്ത് ‘22’ എന്നും എഴുതിയിട്ടുണ്ട്. മെട്രോ കോച്ചിനു മുകളിൽ ‘കൊച്ചിയെ ആദ്യം ചാമ്പലാക്കുമെന്ന്’ അജ്ഞാതർ എഴുതിയെന്ന വാർത്ത പരന്നതോടെയാണ് പോലീസ് എത്തി തെളിവെടുപ്പ് നടത്തിയത്. എന്നാൽ, ഇതിന് ശേഷം സംഭവം പോലീസ് രഹസ്യമായി അന്വേഷിച്ച് വരികയാണ്. രാജ്യത്തിന് തന്നെ ഭീഷണി ഉയർത്തുന്ന ഇത്രയും പ്രാധാന്യമേറിയ ഒരു സംഭവത്തെ പോലീസ് രഹസ്യമാക്കി വെച്ചതിന്റെ കാരണമെന്തെന്ന ചോദ്യമുയരുന്നുണ്ട്. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
പോലീസിനെതിരെ മാധ്യമങ്ങൾക്ക് നേരെയും അദ്ദേഹം വിമർശനം ഉയർത്തുന്നുണ്ട്. ഗുരുതരമായ സുരക്ഷാ പ്രശ്നം മൂടി വയ്ക്കാനാണോ മാധ്യമങ്ങളടക്കം ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കൊച്ചിയെ തീവ്രവാദികൾ ലക്ഷ്യമാക്കില്ല എന്ന ചിന്ത ഏതായാലും വേണ്ടെന്നും, ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒന്നും, ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളുടെ പ്രധാന കേന്ദ്രവുമായ കൊച്ചി അക്രമിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം ആശങ്കപ്പെടുന്നുണ്ട്. കൊളോമ്പോയും കോയമ്പത്തൂരും തീവ്രവാദികൾ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിൽ കൊച്ചിയെയും അവർ ലക്ഷ്യം വെക്കുമെന്ന മുന്നറിയിപ്പാണ് നിലവിലെ ഭീഷണി സന്ദേശത്തിൽ സന്ദീപ് വാര്യർ നൽകുന്നത്.
മെട്രോ കോച്ചിന്റെ പുറത്ത് ഗ്രാഫിറ്റി രൂപത്തിൽ ബേൺ (BURN) എന്നെഴുതിയവരെ കണ്ടെത്താനുള്ള പോലീസിന്റെ പരക്കം പാച്ചിലിനിടെ, സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും കൃത്യമായ നടപടി എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ‘ആദ്യ സ്ഫോടനം കൊച്ചിയിൽ, കൊച്ചിയെ ചാമ്പലാക്കും’ എന്ന ഭീഷണിക്കൊപ്പം രണ്ടിടങ്ങളിലായി ചെറുതായി എഴുതിയ ’22’ എന്തിന്റെ സൂചനയാണെന്ന സംശയവും ഉയരുന്നുണ്ട്. സ്ഫോടനം നടത്താൻ ഉദ്ദേശിക്കുന്ന തീയതി ആണോ ’22’ എന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഏതായാലും വിഷയം അതീവ ഗൗരവമേറിയത് തന്നെ. ഒരു സിനിമയെ ഓർമിപ്പിക്കും വിധമാണ് അക്രമികളുടെ എഴുത്തെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറയുന്നു.
Also Read:ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചു: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
‘ഈ വർഷം റിലീസ് ചെയ്ത യു.എസ് ക്രൈം ത്രില്ലർ സിനിമ ‘ബേണി’ന്റെ പരസ്യം പോലെയാണ് ഗ്രാഫിറ്റി എഴുത്ത്. ട്രെയിനുകളിൽ വരകളും വാചകങ്ങളും എഴുതിയിടാറുള്ള ലോക വ്യാപകമായുള്ള ട്രെയിൻ ഹൂൺസുമായി ബന്ധമുള്ളവരാണോ സംഭവത്തിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്’, അദ്ദേഹം പറഞ്ഞു.
‘കേസെടുക്കാൻ നിർദ്ദേശിച്ചു. അന്വേഷണം നടക്കുന്നുണ്ട്. സുരക്ഷാ കാര്യങ്ങൾ സർക്കാർ നോക്കിക്കോളും’, ലോക്‌നാഥ് ബെഹ്റ പ്രതികരിച്ചു.
അതിക്രമിച്ചു കയറിയത് ആരെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും, ഗൗരവസ്വഭാവം വിലയിരുത്തുന്നതേ ഉള്ളൂവെന്നും ഡെപ്യൂട്ടി കമ്മിഷണർ ഒഫ് പോലീസ് വി.യു കുര്യാക്കോസ് വ്യക്തമാക്കി.
അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥരുടേയാ ക്യാമറകളുടേയോ കണ്ണില്‍പ്പെടാതെയാണ് ട്രെയിനിന് മുകളില്‍ സന്ദേശം എഴുതിയിരിക്കുന്നത്. 12 പോലീസുകാരുടെ കണ്ണുവെട്ടിച്ചാണ് യാര്‍ഡില്‍ എത്തിയിരിക്കുന്നത് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. രാത്രി സർവീസ് അവസാനിപ്പിച്ചശേഷം ട്രെയിൻ കൊണ്ടിട്ടപ്പോഴായിരിക്കാം ഈ സംഭവം നടന്നതെന്നാണ് പോലീസ് കരുതുന്നത്. കേരള പൊലീസിന്റെ ഭാഗമായ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്കാണ് യാർഡിന്റെയുൾപ്പെടെ മെട്രോ സംവിധാനത്തിന്റെ സുരക്ഷാ ചുമതല.
Post Your Comments