കൊച്ചി: തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് എ.എ റഹീം. യു.ഡി.എഫിലെ നിരവധി നേതാക്കളും പ്രവർത്തകരും കഴിഞ്ഞ മണിക്കൂറുകളിൽ വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായെന്നും പ്രതികളിൽ ഒരാളെപ്പോലും ഈ നിമിഷം വരെ കോൺഗ്രസ്സോ മുസ്ലിം ലീഗോ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. കേരള രാഷ്ട്രീയത്തിൽ ജോ ജോസഫ് നേരിട്ടതിന് സമാനമായ നിന്ദ്യമായ വ്യാജപ്രചരണം മറ്റാരും നേരിടേണ്ടി വന്നിട്ടില്ലെന്നും ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്‌ത വ്യക്തി പിടിയില്‍. കോട്ടയ്ക്കന്‍ ഇന്ത്യാനൂര്‍ സ്വദേശിയുമായ അബ്ദുള്‍ ലത്തീഫാണ്( 43) പിടിയിലായത്. മുളങ്ങിപ്പുലന്‍ വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ്. ലീഗ് നേതാവും സോഷ്യല്‍ മീഡിയയില്‍ ലീഗിന്റെ പ്രചാരകനകുമാണ് ലത്തീഫ് ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. ട്വിറ്ററില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചത് അപ്‌ലോഡ് ചെയ്ത ആളെ പിടിക്കൂ എന്നാണ്. ഇതാ പിടിച്ചിരിക്കുന്നു. യു.ഡി.എഫിലെ നിരവധി നേതാക്കളും പ്രവർത്തകരും കഴിഞ്ഞ മണിക്കൂറുകളിൽ വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായി.പ്രതികളിൽ ഒരാളെപ്പോലും ഈ നിമിഷം വരെ കോൺഗ്രസ്സോ മുസ്ലിം ലീഗോ പുറത്താക്കിയിട്ടില്ല. ഇങ്ങനെയൊരു വീഡിയോ കയ്യിൽ കിട്ടിയാൽ ആരായാലും പ്രചരിപ്പിക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
കേരള രാഷ്ട്രീയത്തിൽ ജോ ജോസഫ് നേരിട്ടതിന് സമാനമായ നിന്ദ്യമായ വ്യാജപ്രചരണം മറ്റാരും നേരിടേണ്ടി വന്നിട്ടില്ല.ജനം ഇതെല്ലാം കാണുന്നുണ്ട്.തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങൾ കോൺഗ്രസ്സിന്റെ അധമമായ പ്രചാരണശൈലിക്കെതിരെ വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്.
Post Your Comments