ന്യൂഡൽഹി: രാജ്യസഭാ സ്ഥാനാർത്ഥി പട്ടികകൾ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും. വിമതരുടെ ഗ്രൂപ്പിൽ പെട്ട ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവർക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചു. ഗ്രൂപ്പ് 23 നേതാക്കളിൽ നിന്ന് മുകുൾ വാസ്‌നിക് മാത്രമാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത്. പത്ത് സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഹൈക്കമാൻഡ് പുറത്തുവിട്ടത്.
ഛത്തീസ്ഗഢിൽ നിന്ന് രാജീവ് ശുക്ലയ്ക്കും രഞ്ജിത രഞ്ജനുമാണ് സീറ്റ് നൽകിയത്. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനാണ് രാജീവ് ശുക്ല, രഞ്ജിത രഞ്ജൻ ബീഹാറിൽ നിന്നുള്ള നേതാവാണ്. ഹരിയാനയിൽ നിന്ന് അജയ് മാക്കനും കർണാടകയിൽ നിന്ന് ജയറാം രമേശും മധ്യപ്രദേശിൽ നിന്ന് വിവേക് താൻഹയും മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവ് ഇമ്രാൻ പ്രതാപ് ഗഡിയ്ക്കാണ് സീറ്റ് നൽകിയത്.
രാജസ്ഥാനിൽ നിന്ന് മൂന്ന് പേർക്ക് സീറ്റ് നൽകി. കോൺഗ്രസ് വക്താവ് രൺദീപ്‌സിങ്ങ് സുർജേവാല, മുകൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവർക്കാണ് സീറ്റ് നൽകിയത്. തമിഴ്‌നാട്ടിൽ നിന്ന് വീണ്ടും പി ചിദംബരം സ്ഥാനാർത്ഥിയാകും. നേരത്തെ മഹാരാഷ്ട്രയിൽ നിന്നാണ് ചിദംബരം രാജ്യസഭയിലെത്തിയത്.
അതേസമയം, ബിജെപിയുടെ പട്ടികയും പുറത്തുവിട്ടു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കർണാടകയിൽ നിന്നും, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും. പതിനാറുപേരുടെ പട്ടികയിൽ അഞ്ച് വനിതകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ പത്തിനാണ് 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 57ൽ പതിനൊന്ന് സീറ്റുകൾ ഉത്തർപ്രദേശിലാണ്.
കോൺഗ്രസ് വിട്ട കപിൽ സിബൽ ഉത്തർപ്രദേശിൽ നിന്ന് സമാജ്‌വാദി പാർട്ടി പിന്തുണയോടെ മത്സരിക്കുന്നുണ്ട്. മുതിർന്ന നേതാവ് ജാവേദ് അലിയും എസ്പി മേധാവി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവും മത്സരിക്കും. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ആറു സീറ്റുകൾ വീതമുണ്ട്. നേരത്തെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും എഎപിയും അഞ്ച് സീറ്റുകൾ വീതം നേടിയിരുന്നു.
Post Your Comments