KeralaLatest NewsIndia

ഗുരുവായൂരിലെ 1.4 കോടിയുടെ സ്വര്‍ണ്ണക്കവര്‍ച്ച: പ്രതി ഡല്‍ഹിയില്‍ പിടിയില്‍

കോട്ടപ്പടി കൊരഞ്ഞിയൂരിൽ സ്വര്‍ണ്ണ വ്യാപാരിയായ ബാലൻ്റെ വീട്ടിൽ ആയിരുന്നു മോഷണം നടന്നത്.

തൃശൂർ : ഗുരുവായൂരിലെ വൻ സ്വർണ്ണക്കവർച്ച കേസിലെ പ്രതി പിടിയിൽ ആയി. മൂന്ന് കിലോ സ്വർണ്ണവും 2 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്. പിടിയിലായത് തമിഴ്നാട് സ്വദേശിയായ മോഷ്ടാവാണെന്ന് പൊലീസ് പറയുന്നു. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.  കോട്ടപ്പടി കൊരഞ്ഞിയൂരിൽ സ്വര്‍ണ്ണ വ്യാപാരിയായ ബാലൻ്റെ വീട്ടിൽ ആയിരുന്നു മോഷണം നടന്നത്.

ഡൽഹിയിൽ പിടിയിലായ ഇയാളെ ഉടൻ നാട്ടിലെത്തിക്കും. ഗള്‍ഫില്‍ സ്വര്‍ണ്ണ വ്യാപാരം നടത്തുന്ന കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് 2.67 കിലോ സ്വർണ്ണവും 2 ലക്ഷം രൂപയുമാണ് മോഷണം പോയത്. സ്വര്‍ണ്ണത്തിന് ഏകദേശം 1.4 കോടി രൂപ വില വരും. ഒരുകിലോ തൂക്കമുള്ള രണ്ട് സ്വര്‍ണ്ണക്കട്ടി, 120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണ്ണക്കട്ടി, 40 പവന്‍ വരുന്ന സ്വർണ്ണാഭരണം എന്നിവ മോഷണം പോയിരുന്നു. മെയ് 12ന് രാത്രി 7.40നും 8.40നും ഇടയില്‍ ആയിരുന്നു മോഷണം. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.

രാത്രി 9.30ന് വീട്ടുകാര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോള്‍ മുകള്‍നിലയില്‍ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. പരിശോധനയില്‍ മോഷണം നടന്നതായി മനസ്സിലായി. കിടപ്പുമുറിയില്‍ കയറി അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. മറ്റു മുറികള്‍ തുറന്നിരുന്നില്ല. ബാലനും ഭാര്യ രുഗ്‌മിണിയും പേരക്കുട്ടി അർജുനും ഡ്രൈവർ ബ്രിജുവും സിനിമയ്ക്കു പോയ തക്കം നോക്കി വീട് കുത്തിത്തുറന്നായിരുന്നു കവർച്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button