മുംബൈ: ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബോളിവുഡ് താരം റിയ ചക്രബർത്തിയുടെ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രശസ്ത അഭിഭാഷകനായ സതീഷ് മനേഷിൻഡെ. ആര്യൻ ഖാന്റെ ലഹരിമരുന്നു കേസിൽ പ്രതിക്കു വേണ്ടി ഹാജരായതും ഇദ്ദേഹം തന്നെയാണ്.
ആഡംബര കപ്പലിൽ ലഹരിമരുന്ന് പാർട്ടി നടത്തിയ കേസിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. കേസിൽ, പ്രതിയെ തെളിവില്ലെന്നു കണ്ട് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു തൊട്ടു പിറകെയാണ് റിയ ചക്രബർത്തിയുടെ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ രംഗത്ത് വന്നത്.
‘റിയയുടെ കേസിൽ കൃത്യമായ പരിശോധന നടന്നിട്ടില്ല. ലഹരിയുടെ സാന്നിധ്യം അവരുടെ പക്കൽ കണ്ടെത്തിയിട്ടുമില്ല. കഴിഞ്ഞ മൂന്നു വർഷത്തോളമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നിരവധി പേരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ആർക്കെതിരെയും കള്ളക്കേസുകൾ ചമയ്ക്കാം. ആര്യൻ ഖാൻ കേസ് അതിന്റെ ഉത്തമ ഉദാഹരണമാണ്’- സതീഷ് മനേഷിൻഡെ അഭിപ്രായപ്പെട്ടു.
Post Your Comments