കോട്ടയം: 16.7 കിലോമീറ്റർ നീളം വരുന്ന ചിങ്ങവനം – ഏറ്റുമാനൂർ രണ്ടാം പാത ഇന്ന് ഗതാഗതത്തിന് തുറന്ന് കൊടുക്കും. പാലക്കാട് ജങ്ഷന്‍ – തിരുനൽവേലി പാലരുവി എക്സ്പ്രസ് ആകും പുതിയ പാതയിലൂടെ ആദ്യം സർവീസ് നടത്തുക. ഇതോടെ, പൂർണ്ണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്കാണ് കേരളം എത്തിയത്.
കായംകുളം – കോട്ടയം – എറണാകുളം ഇരട്ടപ്പാതയാണ് നിര്‍മ്മാണാനുമതി ലഭിച്ച് 21 വർഷത്തിന് ശേഷം ഇന്ന് പൂർത്തിയാകുന്നത്. 2001-ലാണ് പാതയിലെ എറണാകുളം – മുളന്തുരുത്തി റീച്ചിന് നിര്‍മ്മാണാനുമതി ലഭിച്ചത്.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം പാറോലിക്കൽ ഗേറ്റിന് അടുത്ത് പഴയ പാളവും പുതിയതും കൂട്ടിച്ചേർക്കുന്ന ജോലിയാണ് ഇന്ന് തീരാനുള്ളത്. ഇത് പൂർത്തിയായാൽ ദക്ഷിണ റെയിൽവേ നിർമ്മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സി.എ.ഒ) അവസാന വട്ട പരിശോധന നടത്തും. അതിന് ശേഷം ട്രെയിൻ ഗതാഗതത്തിന് അനുമതി നൽകും.
ഇന്ന് വൈകിട്ട് ആറോടെ പാത സജജ്മാകുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഡൗൺ ലൈനാണ് പുതിയതായി നിർമ്മിച്ച പാത. കോട്ടയം റെയിൽവേ സ്റ്റേഷൻ മുതൽ മുട്ടമ്പലം റെയിൽവേ ഗേറ്റ് വരെ തുരങ്കങ്ങളിലൂടെയുള്ള ട്രാക്കുകൾക്ക് പകരം നിർമ്മിച്ച 2 ലൈനുകളും പുതിയതാണ്. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ഇന്ന് കൂടി നിയന്ത്രണമുണ്ട്. പകൽ 10 മണിക്കൂർ സർവീസ് ഉണ്ടാകില്ല.
Post Your Comments