തിരുവനന്തപുരം: വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ പി.സി. ജോർജിന് എതിരെ നിയമ നടപടിക്കൊരുങ്ങി പോലീസ്. നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിനായി പി.സി. ജോർജ് ഹാജരാകാത്തത്, ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം ഫോർട്ട് പോലീസ്, ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഞായറാഴ്ച രാവിലെ തിരുവനന്തപുരം ഫോർട്ട് എ.സി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു പോലീസ് പി.സി. ജോര്‍ജിന് നിർദ്ദേശം നല്‍കിയിരുന്നത്. എന്നാൽ, ആരോഗ്യപ്രശ്നം മൂലം ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്നാണ് പി.സി. ജോർജ് പൊലീസിന് മറുപടി നൽകിയത്.
ഇതിന് പിന്നാലെ, തൃക്കാക്കരയിലെത്തിയ പി.സി. ജോര്‍ജ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന്, അന്വേഷണ സംഘം നിയമോപദേശം തേടാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, വിദേഷ്വ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാവുമെന്ന ഉപാധിയിലാണ് പി.സി. ജോര്‍ജിന് നേരത്തെ, കോടതി ജാമ്യം അനുവദിച്ചിരുന്നത്. പി.സി. ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ഹൈക്കോടതിയെ അറിയിക്കുന്നതിനും, അതുവഴി ജോർജിന്‍റെ ജാമ്യം റദ്ദാക്കാനുമുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
Post Your Comments