തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് കുശുമ്പാണെന്ന് പി.സി ജോർജ്. മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു പി.സി. തൃക്കാക്കരയിൽ നാളെ തനിക്ക് പറയാൻ ഉള്ളത് പറയുമെന്നും മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകുമെന്നും പി.സി ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായിട്ടാണ് തന്നെ പിടിച്ച് ജയിലിലിട്ടതെന്ന് പി.സി ജോര്‍ജ് ഇന്നലെ പ്രതികരിച്ചിരുന്നു.
പി.സി ജോർജിന്റെ അറസ്റ്റിന് പിന്നാലെ, അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരിച്ചത്. എന്തും പറയാവുന്ന നാടല്ല കേരളമെന്നും, പി.സി ജോർജിന്റേത് നീചമായ വാക്കുകളാണെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും, നടത്തിയത് ടെസ്റ്റ് ഡോസ് ആണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. വര്‍ഗീയ വിഷം ചീറ്റിയ പി.സി ജോര്‍ജിനെ ബി.ജെ.പി സംരക്ഷിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
Also Read:ഇന്ത്യയിലേക്ക് സോഷ്യൽ മീഡിയ കൊണ്ടുവന്നത് രാജീവ് ഗാന്ധി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗൊലോട്ട്
അതേസമയം, കടവന്ത്രയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയാൻ തയ്യാറെടുക്കുകയാണ് പി.സി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ, മണ്ഡലത്തിലേക്കുള്ള പി.സിയുടെ വരവ് ഇടത്-വലത് മുന്നണികളെ എങ്ങനെ ബാധിക്കുമെന്ന അങ്കലാപ്പിലാണ് രാഷ്ട്രീയ നേതാക്കൾ. ക്രിസ്ത്യൻ വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തിൽ ബി.ജെ.പി പ്രചാരണത്തിനായി കളത്തിലിറങ്ങുന്ന പി.സി ജോർജ്, മുഖ്യനെതിരെയും ഇടത്-വലത് മുന്നണികൾക്കെതിരെയും നടത്തുന്ന വിമർശനങ്ങൾ എന്താകുമെന്നറിയാനുള്ള അമ്പരപ്പിലാണ് വോട്ടർമാരും. യു.ഡി.എഫിനും ബി.ജെ.പിയ്ക്കുമെതിരെ ശക്തമായ പ്രചാരണവുമായി ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് മുന്നോട്ടു പോകുന്നതിനിടെയാണ് പി.സിയുടെ വരവ്.
Post Your Comments