ന്യൂഡൽഹി: ഉത്തരാഖണ്ഡ് റോഡ്‌വേസ് യൂണിയൻ നേതാവും സംസ്ഥാന സർക്കാരിൽ മന്ത്രിയുമായിരുന്ന രാജേന്ദ്ര ബഹുഗുണ (59 ) ആത്മഹത്യ ചെയ്തു. വീടിനു സമീപം നിർമ്മിച്ച ഓവർഹെഡ് ടാങ്കിൽ കയറി സ്വയം വെടിവയ്ക്കുകയായിരുന്നു. മകളെ പീഡിപ്പിച്ചെന്നാരോപിച്ച്, മരുമകൾ പരാതി നൽകി മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ആത്മഹത്യ. അദ്ദേഹത്തിനെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുത്തിരുന്നു.
ആരോപണത്തിൽ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പങ്കജ് ഭട്ട് എൻഡിടിവിയോട് പറഞ്ഞു. സംഭവത്തിന് മുമ്പ്, 112 എന്ന എമർജൻസി നമ്പരിൽ പോലീസിനെ വിളിച്ച് ആത്മഹത്യ ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് അദ്ദേഹം അറിയിച്ചു. പോലീസ് വീട്ടിലെത്തുമ്പോഴേക്കും സ്വയം വെടിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് ബഹുഗുണ ടാങ്കിന് മുകളിൽ കയറിയിരുന്നു. ഉടൻ പോലീസ് സംഘവും അവിടെയുണ്ടായിരുന്നവരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ചെറുമകളോട് മോശമായി പെരുമാറിയെന്ന് മരുമകൾ ആരോപിച്ചിരുന്നതായും ഇതോടെ ബഹുഗുണ വലിയ വിഷമത്തിലായിരുന്നതായും വീട്ടുകാർ പറയുന്നു. ഈ കേസിൽ കുട്ടിയുടെ മൊഴിപോലും ഇതുവരെ പോലീസ് എടുത്തില്ല എന്ന് ആരോപണമുണ്ട്. രാജേന്ദ്ര ബഹുഗുണയുടെ മകൻ ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഭർത്താവിൽ നിന്ന് അകന്ന് വീടിന്റെ മറ്റൊരു മുറിയിലായിരുന്നു ഇവരുടെ താമസം.
അതേസമയം, പിതാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് ഭാര്യയ്‌ക്കെതിരെ മകൻ പരാതി നൽകി. മകൻ അജയ് ബഹുഗുണയുടെ പരാതിയെത്തുടർന്ന്, മരുമകൾ, അവളുടെ അച്ഛൻ, അയൽവാസി എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു.
സംഭവത്തിൽ, പോലീസ് അന്വേഷണം ആരംഭിക്കുമെന്ന് എസ്എസ്പി അറിയിച്ചു. പരിവാഹൻ സംഘ്, റോഡ്‌വേസ് എംപ്ലോയീസ് യൂണിയൻ, ഐഎൻടിയുസി മസ്ദൂർ സംഘ് എന്നിവയുടെ നേതാവായിരുന്നു. കോൺഗ്രസുമായി ബന്ധമുള്ള ബഹുഗുണ ഹൽദ്വാനി ഡിപ്പോയിലെ വർക്ക്‌ഷോപ്പിൽ ജോലി ചെയ്യുകയും ഒക്ടോബർ 31ന് വിരമിക്കുകയും ചെയ്തിരുന്നു.
Post Your Comments