തൊടുപുഴ: ഉടമ പുറത്തുപോയ സമയം വീട് പൂർണമായി കത്തിനശിച്ചു. കോലാനി പാറക്കടവ് മമ്പിള്ളിൽ എം.എസ്. രാജന്റെ വീടാണ് കത്തിനശിച്ചത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
ബുധനാഴ്ച വൈകീട്ടാണ് സംഭവം. രാജൻ പുറത്തുപോയിരുന്നതിനാൽ അപകടം ഒഴിവായി. മിന്നലിന്റെ ആഘാതത്തിലാകാം വീടിന് തീപിടിച്ചതെന്നാണ് കരുതുന്നത്. രാജന്റെ ഭാര്യ മകന്റെ വീട്ടിലായിരുന്നു. വീട്ടിനുള്ളിൽനിന്ന് തീ മുകളിലേക്ക് പടരുന്നത് കണ്ട അയൽവാസികളാണ് രാജനെ വിവരം അറിയിച്ചത്.
Read Also : വെബ്സൈറ്റ് തകരാര്‍ മൂലം സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷന് മുടങ്ങി
തൊടുപുഴയിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ടി.കെ.ജയറാം, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണക്കാൻ സാധിച്ചത്.
ഓടും മച്ചും തടിയുടെ ഒട്ടേറെ പണിത്തരങ്ങളുമുള്ള വീടും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളും പൂർണമായി കത്തിനശിച്ചു. വില്ലേജ് അധികൃതരും തൊടുപുഴ പൊലീസും സ്ഥലം സന്ദർശിച്ചു.
Post Your Comments