മുംബൈ: ആഢംബര കപ്പൽ മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീന്‍ ചിറ്റ് നല്കി നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍.സി.ബി കുറ്റപത്രത്തിലാണ് ആര്യൻ ഖാൻ ഉൾപ്പെടെ ആറ് പേർക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് സംഘമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യൻ ഖാന് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്നും കപ്പലിൽ നിന്ന് ആര്യൻ ഖാനെ കസ്റ്റഡിയിലെടുക്കുമ്പോൾ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് മുംബൈയിലെ ആഢംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്. പിന്നീട്, ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിൽ ആര്യൻ ഖാനൊപ്പം 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മൂന്നാഴ്ച നീണ്ട ജയിൽവാസത്തിനു ശേഷമാണ് ബോംബെ ഹൈക്കോടതി ഒക്‌ടോബർ 28 ന് ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയ്ക്കും ആൾജാമ്യത്തിലുമാണ് മൂവർക്കും ജാമ്യം അനുവദിച്ചത്. ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം നിന്നത് ഷാരൂഖിന്റെ സഹതാരവും അടുത്ത സുഹൃത്തുമായ ജൂഹി ചൗളയാണ്.
Post Your Comments