ചാത്തന്നൂർ : മത്സ്യം കയറ്റിപ്പോയ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യവ്യാപാരി മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം തടായിൽ പടീറ്റതിൽ വീട്ടിൽ അബ്ദുൽ അസീസാ (45) ണ് മരിച്ചത്. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാരെ പരിക്കുകളോടെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിന് സമീപം ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കൊല്ലത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മീൻ കയറ്റിയ ഗുഡ്സ് വാനും എതിരെ വന്ന വിഴിഞ്ഞത്തു നിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് പോയ എയ്സ് മിനി ഗുഡ്സ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ഗുഡ്സ് വാൻ മറിയുകയും, അതിലുണ്ടായിരുന്ന അബ്ദുൽ അസീസ് വാഹനത്തിനടിയിൽപ്പെടുകയുമായിരുന്നു.
Read Also : കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ തിരയിൽപ്പെട്ടു മരിച്ചു
വണ്ടി ഉയർത്തി അസീസിനെ പുറത്തെടുത്ത് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമായത്.
അപകടത്തെ തുടർന്ന്, ഏറെ നേരം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. മറിഞ്ഞ വാഹനം മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കരുനാഗപ്പള്ളി പുതിയകാവ് മാർക്കറ്റിലെ മത്സ്യവ്യാപാരിയായിരുന്നു മരിച്ച അബ്ദുൽ അസീസ്. വിഴിഞ്ഞത്തു പോയി മത്സ്യമെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. ഭാര്യ സബിയത്ത്. മക്കൾ: സുമയ്യ, സുറുമി. മരുമക്കൾ: ഷാനവാസ്, ഷാൻ. പാരിപ്പള്ളി പൊലീസ് കേസെടുത്തു.
Post Your Comments