KeralaLatest News

പൊലീസ് മര്‍ദ്ദിക്കുമെന്ന് ഭയമുണ്ടോയെന്ന് പി സി ജോര്‍ജിനോട് കോടതി, തനിക്ക് ഒന്നിനേയും ഭയമില്ലെന്ന് മറുപടി

തനിക്ക് ജനം സുരക്ഷ തരും. ഇത് ഇരട്ട നീതിയല്ല, കൊടും ക്രൂരതയാണ് നടക്കുന്നത്.

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായ പി സി ജോർജിനെ റിമാൻഡ് ചെയ്തു മജിസ്‌ട്രേറ്റ് കോടതി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. ഇതോടെ, ജോര്‍ജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി പി സി ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്കായി വീണ്ടും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

സുരക്ഷ മുന്‍നിര്‍ത്തി വാഹനത്തില്‍ വച്ച് തന്നെ കൊവിഡ് പരിശോധനയുള്‍പ്പെടെയുള്ള വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം, കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. പൊലീസ് കാരണം പി സി ജോര്‍ജിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പി സി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് പി സി ജോര്‍ജ് കോടതിയില്‍ വ്യക്തമാക്കി.

പി സി ജോര്‍ജിനെ ഏത് വിധേനയും ജയിലിലടയ്ക്കാനാണ് പൊലീസ് നീക്കം. ഇതാണ് ഇന്നലെ രാത്രി കണ്ടതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസ് മര്‍ദ്ദിക്കുമോയെന്ന് ഭയമുണ്ടോയെന്ന് പി സി ജോര്‍ജിനോട് കോടതി ചോദിച്ചപ്പോള്‍ തനിക്ക് ഒന്നിനേയും ഭയമില്ലെന്ന് മറുപടി നല്‍കി. സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് പി സി ജോര്‍ജ് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. സമൂഹം വിലയിരുത്തട്ടെയെന്നും പി സി ജോര്‍ജ് പറഞ്ഞു.

നോട്ടീസ് കിട്ടിയപ്പോള്‍ പാലാരിവട്ടം പൊലീസിന് മുന്നില്‍ ഹാജരായതാണ്. എന്തിനാണ് എന്നെ ഇങ്ങനെ ‘ദഹണിച്ചു കൊണ്ട്’ നടക്കുന്നതെന്ന് പൊലീസിനോടും അതിന്റെ ഭരണ കര്‍ത്താക്കളോടും ചോദിക്കണം. തനിക്ക് ജനം സുരക്ഷ തരും. ഇത് ഇരട്ട നീതിയല്ല, കൊടും ക്രൂരതയാണ് നടക്കുന്നത്. ഇത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ എന്നല്ല എല്ലാ തെരഞ്ഞെടുപ്പിനെയും ബാധിക്കാന്‍ പോകുകയാണ്.

ബിജെപിയുടെ ആത്മാര്‍ഥ പിന്തുണയുണ്ട്. ബിജെപിയുടെ എന്നല്ല, എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ട്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ വേട്ടയാടുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞു. കോടതി അനുവദിക്കാത്തതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. കോടതി ജാമ്യം അനുവദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും പി സി ജോര്‍ജ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button