മൈസൂർ: കർണാടകയിലെ ബെംഗളൂരുവിലെ ടിപ്പു സുൽത്താൻ കൊട്ടാരം പണികഴിപ്പിച്ചത് ക്ഷേത്രഭൂമിയിൽ ആണെന്ന് അവകാശവാദം. കൊട്ടാരത്തിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി സർവ്വേ നടത്തണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതി. ക്ഷേത്രഭൂമി കയ്യേറിയാണ് ടിപ്പു സുൽത്താൻ കൊട്ടാരം പണിതതെന്ന് സമിതി ആരോപിച്ചു. ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് സംഘടനയുടെ വക്താവ് മോഹൻ ഗൗഡ ആവശ്യപ്പെട്ടു. വാരണാസിയിലെ ഗ്യാൻവാപി പള്ളിയ്ക്കും, ചരിത്രസ്മാരകമായ കുത്തബ് മിനാറിനും പിന്നാലെയാണ് പുതിയ വിവാദം.
‘ബെംഗളൂരുവിലെ ടിപ്പു സുൽത്താൻ കൊട്ടാരത്തെക്കുറിച്ച് പലരും മുൻപും പറഞ്ഞിട്ടുണ്ട്. മുമ്പ് ഈ സ്ഥലം കോട്ടെ വെങ്കിട്ടരമണ സ്വാമി ക്ഷേത്രത്തിന്റെ വകയായിരുന്നു. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ഇത് കൈയ്യേറ്റം ചെയ്യപ്പെടുകയായിരുന്നു. ചിലർ പറയുന്നതനുസരിച്ച്, ആ സ്ഥലത്ത് വേദങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. ഭൂമി അളന്ന് അതിന്റെ യഥാർത്ഥ ഉടമയ്ക്ക് കൈമാറണമെന്ന് ഹിന്ദു ജനജാഗൃതി സമിതിക്ക് വേണ്ടി, ഞാൻ ആവശ്യപ്പെടുന്നു’, ഗൗഡ പറഞ്ഞു.
അതേസമയം, വാരണാസി ഗ്യാൻവാപി മസ്ജിദിനും കുത്തബ് മിനാറിനുമെതിരെ സമാന ആരോപണങ്ങളുമായാണ് ഹിന്ദുത്വ വാദികൾ രംഗത്തെത്തിയിരുന്നത്. വാരണാസി ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ ചുമരുകളിലുള്ള ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാൻ അനുവദിക്കണെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികളിൽ നിന്നായിരുന്നു ഗ്യാൻവാപി കേസിന്റെ തുടക്കം. ഇതിനു പിന്നാലെ, ചരിത്രസ്മാരകമായ കുത്തബ് മിനാറിന്റെ തൂണിൽ നിന്നും ഹിന്ദു ആരാധനാപാത്രങ്ങളുടെ ശിൽപം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുത്തബ് മിനാറിനെതിരെയും സംഘടനകൾ രംഗത്ത് വന്നത്.
Post Your Comments