Latest NewsKerala

എ ആർ ക്യാമ്പിലെത്തിച്ച പി സിയ്ക്ക് പുഷ്പവൃഷ്ടി നടത്തി ബിജെപി: രക്ത സമ്മർദ്ദത്തിൽ വ്യതിയാനം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പി സി ജോർജിനെ തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ചു. അർദ്ധരാത്രി 12.35 ഓടെയാണ് പൊലീസ് സംഘം പിസി ജോർജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ എആർ ക്യാമ്പിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. പുഷ്പവൃഷ്ടി നടത്തിയും, മുദ്രാവാക്യം വിളിച്ചുമാണ് പി സി ജോർജിനെ ബിജെപി പ്രവർത്തകർ അഭിവാദ്യം ചെയ്തത്.

നടപടികളിൽ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും, പൊലീസിനെ പേടിച്ച് ആശുപത്രിയിൽ കിടക്കുന്ന ആളല്ല പി സി ജോർജ് എന്നും മകൻ ഷോൺ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനോടകം തന്നെ ഓൺലൈനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പി സി ജോർജിനെ രാവിലെ ഏഴ് മണിക്ക് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് പിസി ജോർജിനെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു.

എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടെത്തിയത്. ഇതോടെ, ഒരു മണിക്കൂർ നേരത്തേക്ക് പി സി ജോർജിനോട് നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ ആവശ്യപ്പെടുകയായിരുന്നു. പിന്നീട്, ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് പി സി ജോർജുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. വാഹനവ്യൂഹം കടന്നു വരുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന് ആവശ്യമായ മരുന്നുകളും മറ്റും മകൻ ഷോൺ ജോർജ് നൽകിയിരുന്നു.

രണ്ട് മതവിദ്വേഷപ്രസംഗക്കേസിലും പി സി ജോർജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം മതവിദ്വേഷ പ്രസംഗത്തിലെ ജാമ്യം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഫോർട്ട് പൊലീസ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. അതേസമയം പി സി ജോർജിന്റെ ജാമ്യഹർജി കേൾക്കാനായി പ്രത്യേക സിറ്റിങ് നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. രാവിലെ ഒമ്പത് മണിക്ക് പ്രത്യേക സിറ്റിങ് നടത്താനായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് തീരുമാനിച്ചത്. എന്നാൽ, സാധാരണ സമയക്രമത്തിൽ തന്നെ ഹർജി പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button