പാലക്കാട്: ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ (45) വധക്കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പട്ടാമ്പി മരുതൂർ സ്വദേശി അഷ്റഫ് (48), ഒമിക്കുന്ന് സ്വദേശി കെ.അലി (55) എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് ഇവർ. അറസ്റ്റിനെതിരെ പാലക്കാട് എസ്പി ഓഫീസിന് മുന്നിൽ എസ്ഡിപിഐ പ്രവർത്തകര്‍ പ്രതിഷേധിക്കുന്നു. ഏപ്രിൽ 16 ശനിയാഴ്ച, മേലാമുറിയില്‍ കടയില്‍ വച്ച് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം വാള് ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൊലയാളി സംഘത്തിന് അകമ്പടി പോയ കാറിൻറെ ഉടമ നാസറിനെ കഴിഞ്ഞ ആഴ്ച അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. നാസറിൻ്റെ കാറിലാണ് കൊലയാളികൾക്ക് ആയുധം എത്തിച്ച് നൽകിയത്. നാസറിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പട്ടാമ്പി കീഴായൂർ സ്വദേശിയാണ് നാസർ. ഇതോടെ, കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.
നാസറിൻ്റെ കാർ പൊലീസ് കണ്ടെടുത്തിരുന്നു. നാസറിൻ്റെ ബന്ധുവിൻറെ വീടിന് പിറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാർ. കൊലയാളികൾ സഞ്ചരിച്ച ബൈക്കിന് മുന്നിലൂടെ പോയ ചുവന്ന സ്വിഫ്റ്റ് കാറിൻ്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ കാറിൽ ആയുധം എത്തിച്ച് മേലാമുറയിൽ വച്ചാണ് കൊലയാളികൾക്ക് കൈമാറിയത്. അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനങ്ങളിൽ രണ്ടെണ്ണം പട്ടാമ്പിയിലെ വാഹനം പൊളിച്ചു വിൽക്കുന്ന മാർക്കറ്റിൽ വച്ചും രക്തക്കറയുള്ള ഒരു ബൈക്ക് പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ അരികിൽ വച്ചുമാണ് കണ്ടെത്തിയത്
Post Your Comments