തിരുവനന്തപുരം: ‘പുത്തൻ യൂണിഫോമിൽ നമ്മുടെ സ്വന്തം അൽ ഖേരള കെഎസ്ആർടിസി പുതിയ ലെവലിലേക്ക്! ഇനി വെച്ചടി കയറ്റം. സ്വിഫ്റ്റിലും വേണം ഈ സംഗതി’. യൂണിഫോമില്ലാതെ മുസ്ലീമായ കെഎസ്ആർടിസി ഡ്രൈവർ താടിയും തൊപ്പിയും വെച്ച് ജൂബ്ബ ധരിച്ച് ബസ് ഓടിക്കുന്നു എന്ന ചിത്രം കഴിഞ്ഞ ദിവസം രാത്രി മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കേരളത്തിലെ മുസ്ലീങ്ങൾക്ക് യൂണിഫോം നിയമങ്ങൾ ബാധകമല്ലെന്ന നിലയിലാണ് പല ഗ്രൂപ്പുകളിലും ഈ ചിത്രത്തെ കുറിച്ച് ചർച്ചകൾ സജീവമാകുന്നതും. എന്നാൽ, യാഥാർത്ഥ്യം ഇപ്പോൾ ഒരു മാധ്യമം പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിലുള്ളത് കെഎസ്ആർടിസി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ അഷ്റഫാണ്.
എടിഎ 181 ബസിലെ ഡ്രൈവറായ അദ്ദേഹം ധരിച്ചിരിക്കുന്നത് പക്ഷേ വെള്ള ജൂബ്ബയല്ല. കെഎസ്ആർടിസിയുടെ യൂണിഫോമായ സ്കൈബ്ലൂ ഷർട്ട് തന്നെയാണ്. ഫുൾക്കൈ ഷർട്ട് മടക്കി വെച്ചിട്ടില്ല. മടിയിൽ ഒരു തോർത്ത് ഇട്ടിട്ടുമുണ്ട്. ഒറ്റ നോട്ടത്തിൽ വെള്ള ജൂബ്ബ ഇട്ടിരിക്കുകയാണ് എന്നേ തോന്നൂ. താടിയും മുസ്ലീം തൊപ്പിയും കൂടിയായപ്പോൾ കെഎസ്ആർടിസി ബസ് ഓടിക്കുന്ന തീവ്ര മതവാദിയായി ചിത്രീകരിച്ച് പ്രചരണം നടന്നു എന്ന് മാത്രം!
അതേസമയം, അഷ്റഫ് തീവ്ര ചിന്തകളുള്ള ആളല്ലെന്ന് അദ്ദേഹത്തെ കുറിച്ച് അറിയാവുന്ന കെഎസ്ആർടിസി ജീവനക്കാരായ ആളുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ വാസ്തവ വിരുദ്ധമായ നിലയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് അവരും ആവശ്യപ്പെടുന്നത്.
Post Your Comments