മലപ്പുറം: സൗദിയില്‍ നിന്നെത്തിയ അബ്ദുള്‍ ജലീലിനെ, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍, യഹിയ അറസ്റ്റിലായതോടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. ആക്കപ്പറമ്പിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് യഹിയയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രവാസിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് സ്വര്‍ണ കടത്താണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
കൊല്ലപ്പെട്ട പ്രവാസി, അബ്ദുള്‍ ജലീല്‍ ഗോള്‍ഡ് കാരിയര്‍ ആയിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സൗദിയില്‍ നിന്ന് ഇയാളുടെ കൈവശം ഒരു കിലോയിലധികം സ്വര്‍ണം കൊടുത്തയച്ചിരുന്നു എന്നാണ് കേസിലെ പ്രതികള്‍ മൊഴി നല്‍കിയത്. യഹിയയുടെ പങ്കാളികളാണ് ജിദ്ദയില്‍ വെച്ച് ഒരു കിലോയോളം സ്വര്‍ണം നാട്ടിലേക്ക് കടത്താന്‍ ജലീലിന് കൈമാറിയത്.
എന്നാല്‍, ജിദ്ദയില്‍ നിന്ന് വിമാനത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ അബ്ദുള്‍ ജലീല്‍ സ്വര്‍ണം മറ്റാര്‍ക്കോ കൈമാറിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ യഹിയയ്ക്ക് ഇയാള്‍ സ്വര്‍ണം നല്‍കിയില്ല. ഇതോടെയാണ്, ജലീലിനെ തട്ടിക്കൊണ്ടുപോയി പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
Post Your Comments