കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, വിദേശത്തേക്ക് കടന്ന നടനും, നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങിയെത്തും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റിന്റെ കോപ്പി, വിജയ് ബാബുവിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. മെയ് 30ന് കേരളത്തിൽ എത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും നടൻ കോടതിയോട് ആവശ്യപ്പെട്ടു.
മെയ് 19 ന് പോലീസിന് മുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്ന വിജയ് ബാബു, ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടക്കുകയായിരുന്നു. ജാമ്യം ലഭിക്കുന്നതുവരെ വിദേശത്ത് തുടരാനായിരുന്നു നടൻ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വന്നതിന് ശേഷം, ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഇതേത്തുടർന്നാണ്, മെയ് 30ന് വിജയ് ബാബു നാട്ടിലെത്തുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പൊലിസ് തയ്യാറെടുത്തിരുന്നു. ഇതിനിടെയാണ്, അഭിഭാഷകൻ ഹൈക്കോടതിയിൽ യാത്രാ രേഖകൾ ഹാജരാക്കിയത്.
Post Your Comments