മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസിയുടെ കൊലയിലേയ്ക്ക് നയിച്ചത് സ്വര്‍ണ കടത്താണെന്ന് പൊലീസ്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട പ്രവാസി അഗളി സ്വദേശി അബ്ദുള്‍ ജലീല്‍ ഗോള്‍ഡ് കാരിയര്‍ ആയിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സൗദിയില്‍ നിന്ന് ഇയാളുടെ കൈവശം ഒരു കിലോയിലധികം സ്വര്‍ണം കൊടുത്തയച്ചിരുന്നു എന്നാണ് കേസിലെ പ്രതികള്‍ മൊഴി നല്‍കിയത്.
Read Also: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയിൽ
പെരിന്തല്‍മണ്ണയിലെ ഒളിത്താവളത്തില്‍ നിന്ന് പിടിയിലായ മുഖ്യപ്രതി യഹിയയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. യഹിയയുടെ പങ്കാളികളാണ് ജിദ്ദയില്‍ വെച്ച് ഒരു കിലോയോളം സ്വര്‍ണം നാട്ടിലേക്ക് കടത്താന്‍ ജലീലിന് കൈമാറിയത്. എന്നാല്‍, ജിദ്ദയില്‍ നിന്ന് വിമാനത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ അബ്ദുള്‍ ജലീല്‍ സ്വര്‍ണം മറ്റാര്‍ക്കോ കൈമാറിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ യഹിയയ്ക്ക് ഇയാള്‍ സ്വര്‍ണം നല്‍കിയില്ല. ഇതോടെയാണ്, ജലീലിനെ തട്ടിക്കൊണ്ടുപോയി പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തെ തുടര്‍ന്ന്, അവശനായ അബ്ദുള്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് യഹിയ മുങ്ങുകയായിരുന്നു. മെയ് 20ന് പുലര്‍ച്ചെ അബ്ദുള്‍ ജലീല്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്.
Post Your Comments