തിരുവനന്തപുരം: വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന്, കോടതി വിധി പ്രസ്താവിച്ച സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല പ്രധാനപ്പെട്ട കാര്യമെന്നും ഇത്തരമൊരു സാഹചര്യം ഉണ്ടായത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും ഗവർണർ പറഞ്ഞു. കേരളീയ സമൂഹത്തിൽ തുല്യതയെ കുറിച്ചുള്ള ബോധവത്കരണം ഏറ്റവും പ്രധാനമാണെന്നും സ്ത്രീകൾ തുല്യ പ്രാധാന്യമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾ പാർശ്വവത്കരിക്കപ്പെട്ടാൽ അത് സമൂഹത്തെ ബാധിക്കുമെന്ന്, അവാർഡ് സ്വീകരിക്കാൻ എത്തിയ പെൺകുട്ടിയെ സമസ്ത നേതാവ് അധിക്ഷേപിച്ച സംഭവം ഓർമ്മിപ്പിച്ച് ഗവർണർ പറഞ്ഞു. അവാർഡ് സ്വീകരിക്കാൻ വന്ന പെൺകുട്ടി പ്രാഗൽഭ്യം തെളിയിച്ചതാണോ ചെയ്ത കുറ്റമെന്ന്, അദ്ദേഹം ചോദിച്ചു.
ഇപ്പോഴും ചിലർ സ്ത്രീകളെ അകറ്റി നിർത്താൻ ശ്രമിക്കുന്നുവെന്നും എന്നാൽ, സ്ത്രീകൾ കൂടുതൽ തുല്യത അർഹിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. ഒരു കേസിലെ നടപടി മാത്രം പോരെന്നും ബോധവത്കരണം ഇനിയും തുടരണമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
അതേസമയം, സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ കൊല്ലപ്പെട്ട സംഭവത്തിൽ, ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി വിധി പ്രസ്താവിച്ചിരുന്നു. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധന പീഡനവും, ആത്മഹത്യാ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് കോടതി കണ്ടെത്തി. കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Post Your Comments